Flash News

നിപാ വൈറസ് ഭീതിയില്‍ നഴ്‌സുമാര്‍

നഹാസ്  എം  നിസ്താര്‍
പെരിന്തല്‍മണ്ണ: നിപാ വൈറസ് ഭീതിയില്‍ നഴ്‌സുമാര്‍. സുരക്ഷിതമല്ലാത്ത ആശുപത്രിജോലിയില്‍ നിന്ന് അവധിയെടുത്ത് ഉടന്‍ വീട്ടിലെത്തണമെന്ന് നഴ്‌സുമാരോട് ബന്ധുക്കള്‍. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ അവധിയെടുത്താല്‍ നടപടിയെടുക്കുമെന്ന് നഴ്‌സുമാര്‍ക്ക് അധികൃതരുടെ നോട്ടീസ്.
നിപാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി മരണത്തിന് കീഴടങ്ങിയതോടെയാണ് നഴ്‌സുമാര്‍ക്കിടയില്‍ ജോലി സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുയര്‍ന്നത്. പുതിയ സാഹചര്യത്തില്‍ ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ ബന്ധുക്കളുടെ സമ്മര്‍ദം ഏറിയതായി നഴ്‌സുമാര്‍ പറയുന്നു. അതേസമയം അടിയന്തര ഘട്ടമായതിനാല്‍ അവധി അനുവദിക്കുകയില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. ഇത് കടുത്ത മാനസിക സമ്മര്‍ദത്തിനിടയാക്കിയതായി നഴ്‌സുമാര്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എന്‍ആര്‍എച്ച്എമ്മിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി നോക്കുകയായിരുന്നു ലിന. എന്‍ആര്‍എച്ച്എമ്മിനു കീഴില്‍ വിവിധ  താലൂക്ക്, ജില്ലാ ആശുപത്രികളില്‍ ദിവസ വേതനക്കാരായി ജോലിനോക്കുന്നവര്‍ക്ക് സുരക്ഷാ സൗകര്യങ്ങള്‍ കുറവാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ജോലി സുരക്ഷിതത്വവും ശമ്പള വര്‍ധനവും ആവശ്യപ്പെട്ട നഴ്‌സുമാരോട് ചിറ്റമ്മനയം തുടരുന്ന സര്‍ക്കാര്‍ താലൂക്ക്, ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്ന് നഴ്‌സസ് സംഘടനകള്‍ ആവശ്യപ്പെട്ടു. വൈറസ് ബാധ റിപോര്‍ട്ട് ചെയ്ത ആശുപത്രികള്‍ മാസ്‌ക്കും ഗ്ലൗസും മാത്രമാണ് ഇവര്‍ക്കു നല്‍കുന്നത്. അണുവിമുക്ത വാര്‍ഡുകളോ, പ്രത്യേകം വസ്ത്രങ്ങളോ അനുവദിച്ചിട്ടില്ല. മാനസിക സമ്മര്‍ദത്തിലായ നഴ്‌സുമാരുടെ ജോലിഭാരം കുറച്ചുനല്‍കിയിട്ടുമില്ല. പലപ്പോഴും കൃത്യസമയത്ത് ഭക്ഷണമോ വെള്ളമോ വിശ്രമമോ ലഭിക്കുന്നില്ല. വിവിധ പരിശോധനയ്ക്കായി രോഗികളുടെ രക്തം, മലം, മൂത്രം എന്നിവ  ശേഖരിക്കുന്നതിനും പരിശോധന നടത്തുന്നതിനും സ്വകാര്യ ആശുപത്രികള്‍ ഹൈടെക് സംവിധാനങ്ങളും അണുവിമുക്ത മുറികളും ഉപയോഗിക്കുമ്പോള്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ജില്ലാ, താലൂക്ക് ആശുപത്രികളില്‍ നിലവിലില്ല. ഇത് രോഗപ്പകര്‍ച്ചയ്ക്കിടയാക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
പുതിയ സാഹചര്യത്തില്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചവരോടെല്ലാം അടുത്ത ദിവസം ജോലിയില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഗര്‍ഭിണികളായവരും വിവിധ അസുഖങ്ങള്‍ക്കായി മെഡിക്കല്‍ ലീവ് എടുത്തവരും അവധി നീട്ടിക്കിട്ടാന്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതായാണ് വിവരം. അതേ സമയം നഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗം ബാധിച്ചവരുടെ ശരീര സ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരും. രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവരും ആശുപത്രി ജീവനക്കാരും കൈയുറകളും മാസ്‌ക്കും ധരിക്കണം, രോഗിയെ ശുശ്രൂഷിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. എല്ലാ സാംക്രമിക രോഗങ്ങളിലും എടുക്കുന്ന മുന്‍കരുതലുകള്‍ ഇത്തരം രോഗികളെ ശുശ്രൂഷിക്കുമ്പോഴും സ്വീകരിക്കണമെന്നും ആരോഗ്യവിഭാഗം ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it