നിപാ വൈറസ് ബാധ; ഉന്നതതല അവലോകന യോഗം ചേര്‍ന്നു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപാ വൈറസ് പനി ബാധിച്ച് രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ഉന്നതതല അവലോകന യോഗം നടത്തി. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, വിദഗ്ധ സമിതി അംഗങ്ങള്‍ പങ്കെടുത്തു.
നിലവിലുള്ള രോഗികളുടെയും മരിച്ചവരുടെയും കോണ്‍ടാക്ട് പട്ടിക സൂക്ഷിക്കാനും നിപാ വൈറസ് ബാധയുടെ രണ്ടാംഘട്ടം വരുകയാണെങ്കില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ച് സജ്ജമായിരിക്കാനും യോഗം നിര്‍ദേശിച്ചു. നിപാ വൈറസ് ബാധയ്‌ക്കെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ നടത്തിയ സേവനങ്ങളെ യോഗം പ്രശംസിച്ചു.
നിപാ വൈറസ് ബാധയെന്ന സംശയവുമായി ഇന്നലെ പുതുതായി എട്ടുപേര്‍ ചികില്‍സ തേടിയെത്തി. രോഗം സംശയിച്ച് കോഴിക്കോട്ട് നിരീക്ഷണത്തിലുള്ള 14 പേരില്‍ ഏഴുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച് കോഴിക്കോട്ട് ചികില്‍സയിലുള്ള മൂന്നുപേര്‍ക്ക് റിബാവെറിന്‍ എന്ന മരുന്നു നല്‍കുകയും സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. നഴ്‌സിങ് വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള സാംപിള്‍ ശേഖരണം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ മതിയായ അളവില്‍ സാംപിളുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. മഴ കാരണമാണ് സാംപിള്‍ ശേഖരണം തടസ്സപ്പെട്ടത്. മുംബൈയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെയും പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെയും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവര്‍ സംയുക്തമായാണ് സാംപിളുകള്‍ ശേഖരിക്കുന്നത്. ഇന്നത്തോടെ ആവശ്യത്തിന് സാംപിളുകള്‍ ലഭിച്ചാല്‍ നാളെ തന്നെ പ്രത്യേക ദൂതന്‍ വഴി വിമാനമാര്‍ഗം സാംപിളുകള്‍ ഭോപാലിലേക്ക് അയക്കാനാണ് ഉദ്ദേശ്യമെന്നു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭോപാല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് 48 മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കും.
അതേസമയം, നിപാ വൈറസ് ബാധ നേരിടാനുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ധനസഹായം പ്രഖ്യാപിച്ചു. സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജിനു കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 25 ലക്ഷം രൂപ കൈമാറി. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ കപ്പല്‍ നിര്‍മാണശാല സിഎസ്ആര്‍ മേധാവി എം ഡി വര്‍ഗീസ് 25 ലക്ഷം രൂപയുടെ കൈമാറ്റ രേഖ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് കൈമാറി. തൊഴില്‍ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.
Next Story

RELATED STORIES

Share it