നിപാ വൈറസ് പ്രതിരോധം: ഡ്രഗ് റീപൊസിഷനിങ് വിദ്യ ഉപയോഗിച്ച് മരുന്ന് കണ്ടെത്താന്‍ മലയാളിയും സംഘവും

കെ  എം  അക്ബര്‍
ചാവക്കാട്: നിപാ വൈറസിനെതിരേ ഡ്രഗ് റീപൊസിഷനിങ് വിദ്യ ഉപയോഗിച്ച് പ്രതിരോധ മരുന്ന് കണ്ടെത്താന്‍ അമേരിക്കയിലുള്ള മലയാളിയും സംഘവും ശ്രമം തുടങ്ങി. ന്യൂയോര്‍ക്കിലെ നോര്‍ത്ത്‌വെല്‍ ഹെല്‍ത്തില്‍ ഹെല്‍ത്ത് ഡാറ്റാ സയന്‍സ് ആന്റ് ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് പ്രോഗ്രാംസ് ഡയറക്ടറും ചാവക്കാട് ഒരുമനയൂര്‍ സ്വദേശിയുമായ ഡോ. ഷമീര്‍ ഖാദറും സംഘവുമാണ് കേരളത്തെ ഭീതിയിലാക്കിയ നിപാ വൈറസിനെ തുരത്താന്‍ നിലവിലുള്ള ഏതെങ്കിലും മരുന്നുകള്‍ കൊണ്ടു കഴിയുമോ എന്ന പരിശോധന നടത്തുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് മലേസ്യയിലുണ്ടായ നിപാ വൈറസ് ബാധയെ തുടര്‍ന്ന് അതിനെ പ്രതിരോധിക്കാന്‍ ഇവിടെയുള്ള ഗവേഷകര്‍ ഫ്രാന്‍സിലുള്ള ഗവേഷകരുമായി ചേര്‍ന്നു പഠനം നടത്തിയിരുന്നു. ഈ പഠനങ്ങളുടെ ഡാറ്റ ക്രോഡീകരിച്ചാണ് ഷമീര്‍ ഖാദറും സംഘവും പുതിയ പരീക്ഷണം നടത്തുന്നത്. അമേരിക്കയിലെ മൂന്ന് ആശുപത്രികളിലെ ഡോക്ടര്‍മാരും ഗവേഷകരും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരും ചേര്‍ന്ന 13 പേരടങ്ങുന്നതാണ് സംഘം.
സംഘത്തിലെ ഏക മലയാളിയാണ് ഡോ. ഷമീര്‍ ഖാദര്‍. ഇവരുടെ കൈയിലുള്ള ഡ്രഗ് റീപൊസിഷനിങ് വിദ്യ ഉപയോഗിച്ചാണ് കേരളത്തില്‍ കണ്ടുവരുന്ന നിപാ വൈറസിനെ തുരത്താന്‍ കഴിയുമോ എന്ന പരീക്ഷണം നടത്തുന്നത്. നിലവില്‍ ചില രോഗങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന മരുന്നുകള്‍ മറ്റുചില രോഗങ്ങളുടെ ചികില്‍സയിലും സഹായിക്കും. ഇത്തരത്തില്‍ ഏതൊക്കെ മരുന്നുകള്‍ എന്നു കണ്ടെത്തുന്ന വിദ്യയാണ് ഡ്രഗ് റീപൊസിഷനിങ്.
നിലവില്‍ ആകെ നാലു സാംപിളുകളാണ് നിപാ വൈറസുമായി ബന്ധപ്പെട്ട് സംഘത്തിന് ലഭിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നു കൂടുതല്‍ സാംപിളുകള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. കേരളത്തിലെ ചില ആശുപത്രി അധികൃതരുമായി സംഘം ബന്ധപ്പെട്ടിട്ടുണ്ട്. നിപാ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ മലേസ്യയിലെ ആരോഗ്യ വിദഗ്ധര്‍ ചെയ്തതുപോലെ ജനിതക വിവരം ശേഖരിച്ച് വൈറസ് എത്രത്തോളം രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും രക്ത സാംപിളുകള്‍ ശേഖരിച്ച് ജിനോമിക് ഡാറ്റ കണ്ടെത്തിയും ഇതിനെ പ്രതിരോധിക്കാനാവുമോയെന്ന പഠനത്തിലാണ് തങ്ങളെന്ന് ഡോ. ഷമീര്‍ ഖാദര്‍ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it