kozhikode local

നിപാ വൈറസ്: പനിബാധിത പ്രദേശങ്ങള്‍ ഒറ്റപ്പെടുന്നു

പേരാമ്പ്ര: നിപാ വൈറസ് പനി ബാധിച്ച് 14 പേര്‍ മരിച്ചതോടെ എങ്ങും ആശങ്ക. നരിപ്പറ്റ പഞ്ചായത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപോര്‍ട്ട് വന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ജനം. പരിസര പ്രദേശങ്ങളിലെ ജനങ്ങള്‍ അധികമാളുകളും വീട് വിട്ട് പുറത്തിറങ്ങാത്ത സ്ഥിതിയിലാണുള്ളത്. പേരാമ്പ്ര, കൂരാച്ചുണ്ട്, കടിയങ്ങാട്, പന്തിരിക്കര പരിസരങ്ങളിലെ ടൗണുകള്‍ പോലും വിജനമാണ്.
പനി ബാധിച്ച വീടുകളിലേയും പനി ബാധിച്ച് മരിച്ചവരുടെ വീടുകളിലേയും ആളുകള്‍ക്ക് ജോലിക്ക് പോവാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇവര്‍ക്ക് തുടര്‍ച്ചയായ മെഡിക്കല്‍ കെയര്‍ വേണമെന്ന ആവശ്യമുയര്‍ന്നിരിക്കയാണ്.  സ്‌കൂള്‍ തുറക്കാറായ സമയത്ത് പലര്‍ക്കും ജോലിയില്ലാത്തതിനാല്‍ വളരെ പ്രയാസത്തിലാണ്. കുട്ടികളുടെ പഠനവും മറ്റ് ചെലവുകളും ഇവര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമാണ്.
ഇവിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സംവിധാനം ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്. സാഹസികമായി ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ യാത്രയും ജോലിയും വളരെ ദുഷ്‌കരമാണ്. ജനങ്ങളുടെയും സര്‍ക്കാരിന്റെയും പിന്‍തുണ ഇവര്‍ക്കാവശ്യമാണെന്നിരിക്കെ, അവരോടുള്ള പെരുമാറ്റം പനി ബാധിച്ചവരോടുള്ളതിനേക്കാള്‍ കഷ്ടമാണ്. അങ്ങാടികളില്‍ ഹര്‍ത്താല്‍ പ്രതീതിയാണ് .ബസ്സുകളില്‍ യാത്രക്കാരില്ല. ഓട്ടത്തിനുള്ള ഡീസല്‍ തുക പോലും ഓടിയാല്‍ കിട്ടാത്ത അവസ്ഥയിലാണ് സ്വകാര്യ ബസ്സുകള്‍. സര്‍വീസ് നടത്തുന്നത് സാമൂഹിക പ്രതിബദ്ധതകൊണ്ടു മാത്രമാണെന്ന് ബസ്സുടമകള്‍ പറയുന്നു.
ഇപ്പോള്‍ എണ്ണയ്ക്ക് പോലും കലക്ഷന്‍ തികയുന്നില്ലെന്ന് 2000 മുതല്‍ ബസ് സര്‍വീസ് നടത്തി വരുന്ന ആശീര്‍വാദ് ബസ്സിന്റെ ഉടമ ജയകൃഷണന്‍ പുന്നശ്ശേരി പറഞ്ഞു.ബസ്സുകള്‍ ഓട്ടം നിര്‍ത്തിയാല്‍ ജനങ്ങള്‍ വലയും. പനി ബാധിത പ്രദേശങ്ങളുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് നികുതിയിളവ് നല്‍കണം. മലയോര മേഖലയിലെ പനി ബാധിത പ്രദേശങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്. മഴക്കാലം തുടങ്ങുന്നതേയുള്ളൂ . മറ്റ് പകര്‍ച്ചവ്യാധികളെയും ഭയപ്പെടെണ്ടതുണ്ട്.
ഇപ്പോഴത്തെപ്രത്യേക സാഹചര്യങ്ങളെ മറികടക്കാന്‍ സഹായ ഹസ്തങ്ങള്‍ക്കായി കൂട്ടായ ശ്രമങ്ങള്‍ ഉറപ്പാക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജവാന്‍ അബ്ദുല്ല, കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, സജീവന്‍ പല്ലവി, മേജര്‍ കുഞ്ഞിരാമന്‍, ശശിധരന്‍ മാസ്റ്റര്‍, പപ്പന്‍ കന്നാട്ടി, കെ കുഞ്ഞബ്ദുല്ല, ജോബി വാണിയംപ്ലാക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it