kannur local

നിപാ വൈറസ്: ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി

കണ്ണൂര്‍: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപാ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍, ചികില്‍സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കി. എല്ലാ ആശുപത്രികളിലും സുരക്ഷാ ഉപകരണം ലഭ്യമാക്കാനും തീരുമാനിച്ചു. വൈറസ് ബാധിതരുടെ രക്തം, തൊണ്ടയിലെ സ്രവം, മൂത്രം എന്നിവ ശേഖരിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍വച്ച് ശേഖരിക്കുമെന്നും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍-ചാര്‍ജ് ഡോ. എം കെ ഷാജ് അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
താലൂക്ക് ആശുപത്രി മുതല്‍ മുകളിലോട്ടുള്ള ആശുപത്രികളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കും. നിപ വൈറസ് രോഗത്തിന്റെ റഫറല്‍ കേന്ദ്രമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയെ തിരഞ്ഞെടുത്തു. കൊയിലി ആശുപത്രി, എകെജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി എന്നിവിടങ്ങളില്‍കൂടി ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളും ഒരുക്കാന്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ നിപാ വൈറസ് രോഗവുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഐഡിഎസ്പിയിലേക്ക് അയക്കണം. എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡോ, പ്രത്യേക ഇടമോ ഒരുക്കണം. അടിയന്തരഘട്ടത്തില്‍ ആവശ്യമായ ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സ്വകാര്യ ആശുപത്രി അധികൃതരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, ഡിഎഫ്ഒ സുനില്‍ പാമിഡി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍-ചാര്‍ജ് ഡോ. എം കെ ഷാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. വി പി രാജേഷ്, ഡോ. എന്‍ അഭിലാഷ്, സ്വകാര്യ ആശുപത്രി അധികൃതര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it