Pathanamthitta local

നിപാ വൈറസ്: ആശങ്കാജനകമായ സാഹചര്യമില്ല- ജില്ലാ കലക്ടര്‍

പത്തനംതിട്ട: നിപാ വൈറസ് ബാധയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിലില്ലെന്ന് കലക്ടര്‍ ഡി ബാലമുരളി അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന ദ്രുതകര്‍മസേനയുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ജില്ലയില്‍ സംശയാസ്പദമായ രോഗ ലക്ഷങ്ങളുള്ള ആരെയും കണ്ടെത്തിയിട്ടില്ല. രോഗം പകര്‍ന്നത് വവ്വാലുകളില്‍ നിന്നാണോ എന്നത് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ അറിയാന്‍ കഴിയൂ. രോഗലക്ഷണങ്ങളുള്ളവരോ ഏതെങ്കിലും രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരോ ഉണ്ടെങ്കില്‍ അവര്‍ക്ക് പരിചരണം നല്‍കുന്നതിനും സാമ്പിളുകള്‍ ശേഖരിക്കുന്നതിനും എല്ലാ ആശുപത്രികളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കുന്ന തെറ്റായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും പ്രചരിപ്പിക്കാന്‍ പാടില്ല. പഴങ്ങള്‍ ചൂടുവെള്ളത്തിലോ, വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത വെള്ളത്തിലോ കഴുകിമാത്രം ഉപയോഗിക്കണം. താഴെ വീണുകിടക്കുന്ന പഴങ്ങള്‍, കടിയേറ്റതോ, പൊട്ടലോ, പോറലോ ഉള്ള പഴങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്.
രോഗബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. പനി ബാധിച്ച വ്യക്തി പൊതുസ്ഥലങ്ങളില്‍ പോകാതിരിക്കുകയും പൊതുയോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യണം. പനിയുള്ളവര്‍ പൂര്‍ണമായി വിശ്രമം എടുക്കണം.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ എല്‍ ഷീജ, ജില്ലാ സര്‍ വൈലന്‍സ് ഓഫിസര്‍ ഡോ. എല്‍ അനിതാകുമാരി, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി എസ് നന്ദിനി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബിസുഷന്‍, ജില്ലയിലെ മെഡിക്കല്‍ കോളജുകളുടെ പ്രതിനിധികള്‍, വനം, മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികള്‍, പ്രോഗ്രാം ഓഫിസര്‍മാര്‍ പങ്കെടുത്തു. നിപാ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍  പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി കഴിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ പൊതുജനങ്ങള്‍ ഭക്ഷിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പനിയുടെ ലക്ഷണം കാണുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പങ്കാളികളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
Next Story

RELATED STORIES

Share it