നിപാ വൈറസില്ലെന്ന് പ്രചരണം: എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി

കൊച്ചി: നിപാ വൈറസ് ബാധ ഗൗരവമേറിയ വിഷയമാണെന്ന് ഹൈക്കോടതി. വൈറസ് ബാധ മൂലം എത്ര പേര്‍ മരിച്ചെന്നും രോഗബാധ നേരിടാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
നിപാ വൈറസ് എന്ന ഒരു വൈറസ് ഇല്ലെന്നും മരുന്നു കമ്പനികളുടെ തന്ത്രമാണെന്നും മറ്റുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത ആലപ്പുഴ സ്വദേശി മോഹനന്‍ എന്ന മോഹനന്‍ വൈദ്യര്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവര്‍ക്കെതിരേ സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ എന്തു നടപടി സ്വീകരിച്ചുവെന്നും സര്‍ക്കാര്‍ അറിയിക്കണം. ഈ രണ്ടു പേരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ ഇറക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രോഗനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശികളും നിയമവിദ്യാര്‍ഥികളുമായ പി കെ അര്‍ജുന്‍, എസ് അജയ് വിഷ്ണു എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മരുന്നു കമ്പനികളെ സഹായിക്കാന്‍ ആരോഗ്യ വകുപ്പ് തെറ്റായ പ്രചാരണം നടത്തുകയാണെന്നാണ് രണ്ടു പേരും പ്രചരിപ്പിക്കുന്നതെന്ന് ഹരജി പറയുന്നു. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങളെ തള്ളിക്കളയാന്‍ ഇരുവരും ആഹ്വാനം ചെയ്തിരിക്കുന്നു.
നിരവധി പേരെ രോഗബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഒമ്പതു ലക്ഷം പേരാണ് ഇവരുടെ വീഡിയോകള്‍ കണ്ടിരിക്കുന്നത്. ഈ പോസ്റ്റുകള്‍ പ്രചരിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഭീഷണിയാണ്.
സംസ്ഥാനത്ത് ഇതുവരെ 19 പേര്‍ക്ക് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചു. 11 പേര്‍ മരിച്ചു. രോഗികളെ പരിചരിച്ച ഒരു നഴ്‌സും മരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ നിപാ വൈറസ് വിഷയത്തിലെ ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളും യൂട്യൂബ് പോസ്റ്റുകളും നീക്കാന്‍ വിവരസാങ്കേതിക നിയമപ്രകാരം ഉത്തരവിടണമെന്ന് ഹരജി ആവശ്യപ്പെടുന്നു. സമാന്തര ചികില്‍സ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഇരുവര്‍ക്കും എന്തെങ്കിലും തരത്തിലുള്ള അനുമതിയുള്ളതായി അറിയില്ല. അതിനാല്‍, ഇതു പരിശോധിച്ച് നിയമ നടപടി സ്വീകരിക്കണമെന്നും ഹരജി ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it