Flash News

നിപയെ തുരത്താന്‍ വാക്‌സിന്‍ വരുന്നു: അമേരിക്കന്‍ കമ്പനിയുമായി ധാരണയായി

നിപയെ തുരത്താന്‍ വാക്‌സിന്‍ വരുന്നു:  അമേരിക്കന്‍ കമ്പനിയുമായി ധാരണയായി
X
കോഴിക്കോട്: മലബാര്‍ മേഖലയില്‍ വ്യാപകമായ നാശം വിതച്ച നിപാ വൈറസിനെ നേരിടാന്‍ പ്രതിരോധ മരുന്ന് വിപണിയില്‍ ഇറക്കുന്നതിന് കരാറായി. അമേരിക്കന്‍ സൈനിക സര്‍വകലാശാല യൂനിഫോംഡ് സര്‍വീസസ് യൂനിവേഴ്‌സിറ്റി ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കുന്ന വാക്‌സിന്‍ പൊതുസമൂഹത്തിനു ലഭ്യമാക്കുന്നത് പ്രൊഫെക്റ്റസ് ബയോസയന്‍സസ്, എമര്‍ജന്റ് ബയോസൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ്. ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികളുമായി വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള കരാറില്‍ എത്തിയിരിക്കുന്നത് ആരോഗ്യരംഗത്തെ മൗലിക ഗവേഷണത്തിനു പിന്തുണ നല്‍കുന്ന ഹെന്റി എം ജാക്‌സന്‍ ഫൗണ്ടേഷനാണ്. അമേരിക്കന്‍ സൈനിക സര്‍വകലാശാലയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹെന്റി ജാക്‌സന്‍ ഫൗണ്ടേഷന്‍.


ഇന്ത്യയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നിപാ വൈറസ് ആക്രമണം ഇതിന്റെ ആഘാതത്തില്‍ നിന്നു മനുഷ്യരെ പ്രതിരോധിക്കുന്നതിന്റെ അടിയന്തര ആവശ്യകത ബോധ്യപ്പെടുത്തുന്നതായി വാക്‌സിന്‍ വികസനം സംബന്ധിച്ച അറിയിപ്പില്‍ ഹെന്റി ജാക്‌സന്‍ ഫൗണ്ടേഷന്‍ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതു സംബന്ധിച്ച അറിയിപ്പ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
15 വര്‍ഷത്തിലേറെ നീണ്ട പഠനങ്ങളുടെ ഫലമായാണ് അമേരിക്കന്‍ സര്‍വകലാശാലയിലെ ഡോ. ക്രിസ്റ്റഫര്‍ ബ്രോഡറും ഡോ. കാതറിന്‍ ബോസര്‍ട്ടും പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ പൂര്‍ണമായും ഫലപ്രദമാണെന്നു കണ്ടെത്തിയതായി ഹെന്റി ജാക്‌സന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. ആസ്‌ത്രേലിയയില്‍ കുതിരകളെ ബാധിക്കുന്ന സമാനമായ വൈറസിനെതിരേ 2012 മുതല്‍ വാക്‌സിന്‍ ഫലപ്രദമായി പ്രയോഗിക്കുന്നുണ്ട്. വാക്‌സിന്‍ മനുഷ്യരില്‍ പ്രയോഗിക്കുന്നതിനു മുന്നോടിയായി പ്രീ ക്ലിനിക്കല്‍, ക്ലിനിക്കല്‍ ടെസ്റ്റുകളാണ് ഇനി നടക്കാനുള്ളത്. അതിനായി 25 ദശലക്ഷം ഡോളര്‍ വകയിരുത്തിയതായും ഫൗണ്ടേഷന്റെ കുറിപ്പില്‍ പറയുന്നു. എന്നാല്‍, വാക്‌സിന്‍ എപ്പോള്‍ കമ്പോളത്തില്‍ ലഭ്യമാവുമെന്നോ അതിന്റെ വില എത്രയായിരിക്കുമെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
1990കളില്‍ ഏഷ്യയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട നിപാ വൈറസ് ആസ്‌ത്രേലിയ, മലേസ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ കണ്ടെത്തിയതായി പത്രക്കുറിപ്പില്‍ പറയുന്നു. വളരെ മാരകമായ വൈറസ് കേരളത്തില്‍ ഇതിനകം പത്തിലേറെ പേരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്. രോഗബാധിതരില്‍ 75 ശതമാനത്തിലധികം മരണനിരക്കാണ് കാണുന്നത്.
നിപാ വൈറസും സമാനമായ ലക്ഷണങ്ങളുള്ള ഹെന്‍ഡ്ര വൈറസും പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഫലപ്രദമായിരിക്കുമെന്നാണ് ഫൗണ്ടേഷന്‍ പറയുന്നത്. രോഗവാഹികളായ വൈറസില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ജിഗ്ലൈകോപ്രോട്ടീന്‍ എന്ന പ്രോട്ടീനാണ് പുതിയ വാക്‌സിന്റെ അടിത്തറ. ജനിതകമാറ്റങ്ങളിലൂടെ ശുദ്ധീകരിക്കുന്ന ഈ പ്രോട്ടീന്‍ അടങ്ങിയ വാക്‌സിന്‍ ഒറ്റ ഡോസ് മനുഷ്യരില്‍ രോഗപ്രതിരോധശേഷി വികസിപ്പിക്കും. മനുഷ്യരിലും മൃഗങ്ങളിലും രോഗപ്രതിരോധശേഷി ഉണ്ടാക്കാന്‍ വാക്‌സിനു കഴിയുമെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. ഏഷ്യയിലും മറ്റു പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൈനികരെ ബാധിക്കാനിടയുള്ള രോഗങ്ങളെ സംബന്ധിച്ച പഠനത്തിന്റെ ഭാഗമായാണ് നിപാ വൈറസിനെതിരായ പഠനങ്ങള്‍ അമേരിക്കന്‍ സൈനിക സര്‍വകലാശാല നടത്തിയത്.
Next Story

RELATED STORIES

Share it