നിപാ വൈറസിനെ ആര്‍ക്കാണ് പേടി?

വെട്ടും തിരുത്തും - പി എ എം ഹനീഫ്

ഇപ്പോള്‍ ചോദ്യംചെയ്യപ്പെടുന്നത് നിപാ വൈറസോ രോഗംപടര്‍ത്തുന്ന സാധുജന്തു മിസ്റ്റര്‍ ആന്റ് മിസിസ്സ് വവ്വാലുകളോ അല്ല. യഥാര്‍ഥ ഉറവിടം ഏതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. പ്രകൃതിചികില്‍സകരും ആള്‍ദൈവങ്ങളും ശരിക്കും പിടിയിലായി. വൈറസ് എന്നൊരു സാധനമേ ഇല്ലെന്നും ഉണ്ടെങ്കില്‍ തന്നെ അവ പകര്‍ച്ചവ്യാധി പടര്‍ത്തില്ലെന്നും പ്രകൃതിചികില്‍സാ ആചാര്യന്‍മാരും ഇപ്പോള്‍ അതുവഴി ഉപജീവനം നടത്തുന്ന വിദ്വാന്‍മാരും പ്രസംഗിച്ചു, ലീഫ്‌ലെറ്റുകളിലൂടെ പ്രചരിപ്പിച്ചു. നിപാ പോവട്ടെ, പനി ബാധിച്ച ഒരു രോഗിയെ കണ്ടാല്‍ പ്രകൃതിചികില്‍സകര്‍ ഞഞ്ഞാമിഞ്ഞാ പറഞ്ഞ് രോഗിയെ ഒഴിവാക്കുകയാണ്.
എനിക്കതില്‍ വിശ്വാസമുണ്ടായിരുന്നു. ഒരു കേന്ദ്രത്തില്‍ 10 ദിവസം ശ്വാസകോശരോഗത്തിന് ചികില്‍സിക്കുകയും ചെയ്തു. പനി മൂര്‍ച്ഛിച്ച് ഞാന്‍ അവശനായി. എന്റെ കുടുംബം ബലമായി പിടിച്ചിറക്കി അലോപ്പതി ഡോക്ടറെ ആശ്രയിക്കുകയായിരുന്നു.
നിപാ ബാധിച്ച് ജനം ഭയവിഹ്വലരാവുമ്പോള്‍ പ്രകൃതിചികില്‍സകര്‍ മിണ്ടുന്നേയില്ല. പച്ചവെള്ളത്തില്‍ കമിഴ്ന്നുകിടക്കാനും പ്രഭാതത്തിലെ വെയില്‍ കൊള്ളാനും ചേടി മണ്ണ് ചാലിച്ച് ദേഹമാസകലം പുരട്ടാനും ഉപ്പും പുളിയും ചേര്‍ക്കാത്ത ഭക്ഷണം കഴിക്കാനും ജനങ്ങളെ ഉപദേശിച്ച പ്രകൃതിചികില്‍സാ വിചക്ഷണര്‍ ഇപ്പോള്‍ കേസും കോടതിയുമായി കെട്ടിമറിയുന്നു. പ്രമേഹശല്യമുള്ള ഞാന്‍ ആയുര്‍വേദ-ഹോമിയോ ചികില്‍സകരെ കാണുമ്പോള്‍ അവരുടെ പ്രധാന ഉപദേശം കഴിക്കുന്ന അലോപ്പതി ഗുളിക നിര്‍ത്തരുതെന്നാണ്. കഷ്ടമെന്നല്ലാതെ എന്തുപറയാന്‍?
രോഗം മൂലമല്ല, മരുന്നു മൂലമാണ് രോഗി മരണപ്പെടുന്നതെന്നത് മരുന്നു കണ്ടുപിടിച്ച കാലം മുതലേ ആചാര്യന്‍മാര്‍ പറഞ്ഞുവച്ചതാണ്. ഹോമിയോ-പ്രകൃതിചികില്‍സാ രീതികള്‍ ശീലിച്ചാല്‍ രോഗി തല്‍ക്ഷണം മരിക്കില്ല. അലോപ്പതി രോഗിയെ ഇഞ്ചിഞ്ചായി കൊല്ലും.
അപ്പോള്‍ പിന്നെ ഏതു ചികില്‍സയാണ് ഫലപ്രദം? കുഴക്കുന്ന ചോദ്യമാണത്. വിദഗ്ധ ഡോക്ടര്‍മാരിലൂടെ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാമെന്നല്ലാതെ ഒരു രോഗവും മരുന്നു കഴിച്ച് ഭേദമായതായി എനിക്കനുഭവമില്ല. പ്രമേഹം, അലര്‍ജി രോഗങ്ങള്‍, കുഷ്ഠം, കാന്‍സര്‍ ഒക്കെ പ്രഥമഘട്ടത്തില്‍ നേരിയൊരു ആശ്വാസം തരും. പക്ഷേ, അവയെല്ലാം പത്തിതാഴ്ത്തിക്കിടന്ന് മറ്റൊരവസരത്തില്‍ ആഞ്ഞു ശിരസ്സുയര്‍ത്തി സീല്‍ക്കാരം പുറപ്പെടുവിച്ച് രോഗിയെ ദംശിക്കുക തന്നെ ചെയ്യും.
ഞാന്‍ ഇതെഴുതുമ്പോള്‍ നോമ്പുനോറ്റതിനെ തുടര്‍ന്ന് ശരീരത്തിലെ ജലാംശം വറ്റി ഞരമ്പുകളാകെ കെട്ടുപിണഞ്ഞ് നടക്കാന്‍ പ്രയാസപ്പെട്ട് വേദന തിന്നുകയാണ്. ഫിസിക്കല്‍ മെഡിസിനിലെ വിദഗ്ധനെ തേടിപ്പോയി. അദ്ദേഹം അമേരിക്കന്‍ ടൂറിലായിരുന്നു. തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയില്‍ പോയി. ഡ്രിപ്പ് കയറ്റലും പൊട്ടാസ്യം കുറവിന് ഗുളികതരലും തകൃതി. 2,000 രൂപ സഹകരണക്കാര്‍ പിടുങ്ങി. രണ്ടുനാള്‍ കഴിഞ്ഞ് അമേരിക്കയില്‍ പോയ ഭിഷഗ്വരന്‍ വന്നു. അദ്ദേഹം സഹകരണ ആശുപത്രി ചീട്ട് ഗൗനിച്ചതേയില്ല. നാലുതരം ഗുളിക തന്നു. 300 രൂപ ഫീസും വാങ്ങി. ഒരാഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞു. ഒരാഴ്ചയെന്ന കുറഞ്ഞ നാളുകളെ കാത്തിരിക്കുകയാണു ഞാന്‍. കുറ്റം പറയരുതല്ലോ, വേദനയ്ക്ക് ആശ്വാസമുണ്ട്. ദുര്‍നടത്തമാണ് ഇപ്പോള്‍ ശീലിക്കുന്നത്.
ഇതു പറഞ്ഞത് സ്വന്തം കഥ വിവരിക്കാനല്ല. എല്ലാ വൈദ്യശാസ്ത്രവും രോഗിയെ പിഴിയുകയാണെന്ന സത്യം വെളിപ്പെടുത്തിയതാണ്. നിപായുടെ മറവില്‍ എന്തെന്തു വ്യാജങ്ങളാണ് പുറത്തുവിടുന്നത്. ആശുപത്രിയധികൃതര്‍ പ്രത്യേകിച്ച് മാസ്്ക് ധരിച്ചാണു നടത്തം. പാവം വവ്വാലുകള്‍. പാവം ആതുരശുശ്രൂഷകര്‍. ഒന്നേമുക്കാല്‍ കോടിയുടെ സുരക്ഷാ ഉപകരണങ്ങളാണ് കോഴിക്കോട്ടെത്തിയത്, നിപായെ തടയാന്‍. ആര്‍ക്കും ഒരുപകരണത്തിനും രോഗത്തെ തല്‍ക്കാല ശാന്തി നല്‍കി ആശ്വസിപ്പിക്കാമെന്നല്ലാതെ പരിപൂര്‍ണമായി നീക്കം ചെയ്യാനാവില്ല. ആള്‍ദൈവം ഭക്തരെ ആലിംഗനം ചെയ്യുന്നതു തന്നെ നിര്‍ത്തിയത്രേ! കലികാലം എന്നല്ലാതെ വേറെന്തു വിശേഷിപ്പിക്കാന്‍? ി
Next Story

RELATED STORIES

Share it