നിപാ: വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല

കോഴിക്കോട്: നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ നിപാ വൈറസിന്റെ ദാതാക്കള്‍ ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളല്ലെന്നു പരിശോധനാഫലം. നിപാ പേടിയിലേക്ക് നാടിനെ നയിച്ച ആദ്യമരണം നടന്ന സ്ഥലത്തു നിന്നു ശേഖരിച്ച വവ്വാലുകളുടെ ആന്തരിക പരിശോധനയില്‍ നിപാ വൈറസ് സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. ഭോപാലിലെ ആധുനിക ലാബിലാണ് വവ്വാലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പരിശോധന നടന്നത്.
നിപായുടെ ആദ്യ ഇരയെന്നു സംശയിക്കുന്ന സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ വവ്വാലുകളെയാണ് ഭോപാലില്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. ചെറുപ്രാണികളെ ഭക്ഷിച്ചു ജീവിക്കുന്ന ഇവയില്‍ നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടിവരും.
മൃഗസംരക്ഷണ വകുപ്പാണ് വവ്വാലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ 21 സാംപിളുകള്‍ ഭോപാലില്‍ പരിശോധനയ്ക്ക് അയച്ചത്. മൂന്നു വവ്വാലുകളുടെ സാംപിളുകളാണ് ഇവിടെ പരിശോധിച്ചത്. ഇവയിലൊന്നും നിപാ വൈറസ് സ്ഥിരീകരിക്കാനായില്ല. ലോകത്ത് നിപാ ബാധയുണ്ടായ ഇടങ്ങളിലെല്ലാം വൈറസ് വാഹകര്‍ വവ്വാലുകളാണെന്നായിരുന്നു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയും വവ്വാലുകളെ സംശയിച്ചത്. കണ്ടെത്തിയ വവ്വാലുകള്‍ തന്നെയായിരിക്കാം വൈറസ് വാഹകര്‍ എന്ന് ഏതാണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പിച്ചതുമാണ്. അയച്ച സാംപിളുകളിലൊന്നിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ആശങ്ക വര്‍ധിക്കുകയാണ്.
രോഗം ആദ്യം കണ്ടെത്തിയ പ്രദേശത്ത് പഴങ്ങളും മറ്റും ഭക്ഷിച്ചു ജീവിക്കുന്ന വവ്വാലുകളെ (ഫോക്‌സ് ബാറ്റ്) അടുത്തദിവസം തന്നെ പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധര്‍ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ഇവര്‍ ഇന്നുതന്നെ പ്രദേശത്തെ വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കുമെന്നാണ് അറിവ്. വൈറസിന്റെ ഉറവിടം കണ്ടെത്താനാവാത്ത അവസ്ഥ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണമാക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഭോപാലിലെ പരിശോധനാ വിവരം സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it