നിപാ രോഗികളെ പരിചരിച്ച നഴ്‌സുമാരെ സ്വകാര്യ ആശുപത്രി പിരിച്ചുവിട്ടതായി പരാതി

കോഴിക്കോട്: നിപാ രോഗികളെ പരിചരിച്ച രണ്ടു നഴ്‌സുമാരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നു പിരിച്ചുവിട്ടതായി പരാതി. ഒരു വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്തുവരുന്ന നഴ്‌സുമാരോടാണ് ആശുപത്രി അധികൃതര്‍ പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്്. മൂന്നു നഴ്‌സുമാരാണ് ഇത്തരത്തില്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. ഇതില്‍ രണ്ടുപേര്‍ നിപാ രോഗികളെ പരിചരിച്ചവരാണ്.
ഒരാളോട് ഇന്നലെ മുതലും രണ്ടാമത്തെയാളോട് അടുത്ത ആഴ്ച മുതലും ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഈ മാസം 11 ആണ് മൂന്നാമത്തെ ആളുടെ കാലാവധി. ഇവരെ പിരിച്ചുവിടുന്ന നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിപാ രോഗികളെ പരിചരിച്ചവരെ മാനുഷിക പരിഗണന നല്‍കിയെങ്കിലും ആശുപത്രിയില്‍ നിലനിര്‍ത്താന്‍ അധികൃതര്‍ തയ്യാറാവേണ്ടിയിരുന്നുവെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. രോഗികളെ പരിചരിക്കാന്‍ വേണ്ട വൈദഗ്ധ്യമില്ലെന്നു പറഞ്ഞാണു നിപാ രോഗികളെ ശുശ്രൂഷിച്ച നഴ്‌സുമാരെ പരിച്ചുവിട്ടിരിക്കുന്നതെങ്കില്‍ എന്തുകൊണ്ടാണ് ഇത്ര മികവില്ലാത്ത നഴ്‌സുമാരെ നിപാ പോലുള്ള രോഗികളെ പരിചരിക്കാന്‍ നിയോഗിച്ചതെന്നതിന് അധികൃതര്‍ മറുപടി പറയണമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.
എന്നാല്‍, നഴ്‌സുമാരെ പിരിച്ചുവിട്ടത് നിപാ രോഗികളെ പരിചരിച്ചതിന്റെ പേരിലല്ലെന്നും ട്രെയിനിങ് പീരിയഡ് കഴിയുമ്പോഴുള്ള സാധാരണ നടപടിക്രമമാണിതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തിലുള്ള ഈ നടപടിക്രമം എല്ലാ മാസവും നടക്കാറുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it