kozhikode local

നിപാ: രോഗലക്ഷണമുള്ളവര്‍ക്ക് ചികില്‍സ നിഷേധിക്കരുത്

കോഴിക്കോട്: ജില്ലയില്‍ നിപാ രോഗം സ്ഥിരീകരിച്ച് മരണം സംഭവിച്ച പ്രദേശത്തുള്ളവര്‍ പനിയും മറ്റു അസുഖങ്ങളുമായി ചികില്‍സക്കെത്തുമ്പോള്‍ അവര്‍ക്ക് ഒരു കാരണവശാലും ചികില്‍സ നിഷേധിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. വി ജയശ്രീ അറിയിച്ചു. നിപാ രോഗത്തെക്കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും ആരോഗ്യവകുപ്പ് വ്യാപകമായ ബോധവല്‍ക്കരണ പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നിപാ രോഗം സ്ഥിരീകരിച്ചവരുമായും മരിച്ചവരുമായും രോഗലക്ഷണങ്ങള്‍ ഉണ്ടായ സമയത്ത് അടുത്തിടപഴകിയവര്‍ക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളൂ. എന്നിരുന്നാലും കോണ്ടാക്ട് ലിസ്റ്റിലുള്ള മുഴുവന്‍ ആളുകളേയും നിരീക്ഷിച്ചുവരുന്നുണ്ട്. കൂടാതെ ഗസ്റ്റ് ഹൗസിലും (0495 2381000, 0495 2380087, 0495 2380085) ജില്ലാ മെഡിക്കല്‍ ഓഫിസിലും (0495 2376063) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും ആവശ്യമായ നിര്‍ദേശങ്ങളും നല്‍കിവരുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, ദിശ ഹെല്‍പ്പ്‌ലൈന്‍ (1056), നിപാ മെന്റല്‍ ഹെല്‍പ്പ്‌ലൈന്‍(82 8190 4533, 8156830510, 91885414 85) എന്നിവയില്‍ക്കൂടിയും ആധികാരികമായ വിവരങ്ങള്‍ നല്‍കിവരുന്നു. ഭയവും സംശയവും ഉള്ള എല്ലാവരും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it