നിപാ: യുപിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ കേരളത്തിന് ആദരം

തിരുവനന്തപുരം: നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നിര്‍വഹിച്ച സ്തുത്യര്‍ഹമായ സേവനത്തിന് ഉത്തര്‍പ്രദേശില്‍ നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്റെ ഇഎം ഇന്ത്യ 2018 ദേശീയ സമ്മേളന ത്തില്‍ കേരളത്തിന് ആദരം.
വാരണാസി ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സിലാണ് മന്ത്രി കെ കെ ശൈലജയെ ആദരിക്കുന്നത്. 21ന് വൈകീട്ട് 4ന് ബനാറസ് യൂനിവേഴ്‌സിറ്റി കെഎന്‍ ഉടുപ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
സമയോചിതമായ ഇടപെടലിലൂടെ നിപാ പ്രതിരോധം ഫലപ്രദമാക്കിയതിനാണ് കേരളത്തെ ആദരിക്കുന്നത്. ദീര്‍ഘവീക്ഷണം, പിന്തുണ, ആത്മാര്‍ഥ സേവനം, നേതൃത്വം എന്നിവയൊന്നുമില്ലാതെ ഇത്തരമൊരു സാഹചര്യം മറികടക്കാനാവില്ലെന്ന് എസിഇഇ ഇന്ത്യ ഡീന്‍ പ്രഫ. പ്രവീണ്‍ അഗര്‍വാള്‍, ഇഎം ഇന്ത്യ 2018 ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എസ് കെ ശുക്ല എന്നിവര്‍ പറയുന്നു. രാജ്യം ആകാംക്ഷയോടെ വീക്ഷിച്ചതാണ് കേരളത്തിന്റെ നിപാ പ്രതിരോധം.
ശ്രേഷ്ഠമായ ഈ പ്രവൃത്തി മനസ്സിലാക്കാന്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നും അവര്‍ ക്ഷണക്കത്തില്‍ പറയുന്നു. അടിയന്തര ചികില്‍സയിലും തീവ്ര പരിചരണത്തിലും കേരളം കൈവരിച്ച സുപ്രധാന സംഭാവനകളെ കുറിച്ചുള്ള പ്രഭാഷണം നടത്താനും മന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്.
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രഫഷനല്‍ കോണ്‍ഫറന്‍സാണ് ഇഎം ഇന്ത്യ. 21, 22 തിയ്യതികളിലായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.
എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ വിവിധ തലങ്ങളെപ്പറ്റി 30 മണിക്കൂറിലധികം സയന്റിഫിക് സെഷനും ഈ കോണ്‍ക്ലേവിലുണ്ടാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എമര്‍ജന്‍സി മെഡിസിന്‍ വിദഗ്ധരാണ് ഈ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it