നിപാ: മെഡിക്കല്‍ കോളജുകളില്‍ സ്ഥിരം ഐസൊലേഷന്‍ വാര്‍ഡുകള്‍

തിരുവനന്തപുരം: നിപാ പനിബാധയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുന്നതിന് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികില്‍സയ്ക്കും പ്രതിരോധത്തിനുമായി സ്ഥിരം ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളെ ഏകോപിപ്പിച്ച് മള്‍ട്ടി ഡിസിപ്ലിനറി എപ്പിഡെമിക് കണ്‍ട്രോള്‍ വിഭാഗം തുടങ്ങും.
കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലെ വൈറോളജി ലാബുകള്‍ വിഎസ്എല്‍ 3 നിലവാരത്തിലേക്ക് ഉയര്‍ത്തും. നിപാബാധയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തിയ 26 പേര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും വ്യാജ ചികില്‍സ നല്‍കുന്നവര്‍ക്കുമെതിരേ നടപടികള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. നിപാരോഗികളുടെ സ്രവം മണിപ്പാലിലെ വൈറസ് റിസര്‍ച്ച് സെന്ററിലേക്ക് പരിശോധനയ്ക്ക് അയക്കാന്‍ കാലതാമസം വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സാലിഹ്, മൂസ, മറിയം എന്നിവര്‍ മെയ് 17നു രാവിലെയും രാത്രിയുമായാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. അന്നുതന്നെ സ്രവം പരിശോധനയ്ക്കയച്ചു. 20നാണ് നിപാ വൈറസ്ബാധ സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it