kozhikode local

നിപാ മുന്നറിയിപ്പ് മറികടന്ന് ജനകീയ വിചാരണ; യൂത്ത് ലീഗ് സമരം വിവാദം

കോഴിക്കോട്: നിപാ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ വകവെക്കാതെ മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെ ചൊല്ലി വിവാദം. പോലീസ്- ഗുണ്ടാ-സിപിഎം കൂട്ടുകെട്ടിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ജനകീയ വിചാരണയാണ് കഴിഞ്ഞ ശനിയാഴ്ച സിറ്റി പോലിസ് കമ്മീഷണര്‍ ഓഫീസ് പരിസരത്ത്് സംഘടിപ്പിച്ചത്. ഇതര സംഘടനകളെല്ലാം കോഴിക്കോടിനെ ഒഴിവാക്കിയാണ് ഇത്തരം സമര പരിപാടികള്‍ നടത്തുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാക്ഷികളും പ്രതികളും ഉദ്യോഗസ്ഥരുമടക്കം ഒരുമിച്ച് ചേരുന്നത് നിപാ വ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ കോടതി പോലും നിര്‍ത്തിവച്ച ഘട്ടമാണിത്.
സിനിമാ തിയേറ്റര്‍ താല്‍ക്കാലികമായി അടച്ചുവരെ ആളുകള്‍ ബദ്ധശ്രദ്ധരാണ്. കേവല രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ ജില്ലയില്‍ പന്ത്രണ്ട് കേന്ദ്രങ്ങളില്‍ നടത്തേണ്ടിയിരുന്ന ‘ജനകീയ വിചാരണ ‘കോഴിക്കോട് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച യൂത്ത് ലീഗ് നടപടി നിപാ പ്രതിരോധ സുരക്ഷാ ക്രമീകരണങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ആരോപണം.
നിപാ മഹാമാരിക്കെതിരെ കക്ഷി രാഷട്രീയ ഭേദമന്യേ നാടൊന്നാകെ പരിപാടികള്‍ മാറ്റിവച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ആരോഗ്യ വകുപ്പും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന ക്ലേശകരവും ത്യാഗോന്മുകവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും പിന്തുണയും നല്‍കുമ്പോള്‍ അതിനെ തകിടം മറിക്കുന്ന രീതിയില്‍ യൂത്ത് ലീഗ് നടത്തിയ പരിപാടി അവരുടെ രാഷ്ട്രീയാന്ധതയാണ് കാണിക്കുന്നതെന്ന് സെക്കുലര്‍ യൂത്ത് കോണ്‍ഫ്രന്‍സ് സംസ്ഥാന പ്രസിഡണ്ട് സക്കരിയ എളേറ്റില്‍ പ്രസ്താവനയില്‍ ആരോപിച്ചു.
സംസ്ഥാന ഭാരവാഹികളടക്കം പങ്കെടുത്ത പരിപാടിയാണ് നഗരത്തില്‍ അരങ്ങേറിയത്. ഉദ്ഘാടനം ചെയ്തതാകട്ടെ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍.





Next Story

RELATED STORIES

Share it