kozhikode local

നിപാ ഭീതി: ആളൊഴിഞ്ഞ് മുക്കം; വ്യാപാരം കുത്തനെ ഇടിഞ്ഞു

മുക്കം: നിപാവൈറസ് ഭീതിയില്‍ മലയോരത്ത് വ്യാപാര മാന്ദ്യം. മലയോര മേഖലയുടെ പ്രധാന വ്യാപാര കേന്ദ്രമായ മുക്കം ടൗണിനെയാണ് നിപാ ഭീതി കാര്യമായി ബാധിച്ചിരിക്കുന്നത് . ചെറിയ പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തിരക്കിലമരേണ്ട നഗരത്തില്‍ ആളുകള്‍ എത്താന്‍ മടിക്കുകയാണ്.
ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന സാഹചര്യവും ഉടലെടുത്തിട്ടുണ്ട്.  നഗരത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും  സുരക്ഷ മാസ്‌ക്  ധരിച്ചാണ് എത്തുന്നത് . വ്യാപാരികള്‍, ബസ് ജീവനക്കാര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, യാത്രക്കാര്‍ തുടങ്ങി മിക്കവരും മാസ്‌ക് ധരിച്ചാണ് ഇന്നലെ നിരത്തുകളില്‍ ഇറങ്ങിയത്.മെഡിക്കല്‍ ഷോപ്പുകളില്‍ വന്‍തോതിലാണ് മാസ്‌കുകള്‍ വിറ്റഴിക്കപ്പെടുന്നത്. കൂടുതല്‍ സുരക്ഷിതമായ മാസ്‌കുകള്‍ക്ക് നൂറ് രൂപയാണ് വില. അത് തന്നെ പരമാവധി ആറ് മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.
നോട്ടു നിരോധനത്തിന്റെ കെടുതിയില്‍ നിന്ന് കരകയറി കൊണ്ടിരിക്കെയാണ്  വ്യാപാര മേഖലക്ക് വെല്ലുവിളിയായി ജനങ്ങളില്‍ നിപ  വൈറസ് ഭീതി പരന്നിരിക്കുന്നത്. തുണി ഷോപ്പുകള്‍ അടക്കമുള്ള ജനം കൂട്ടമായെത്തുന്ന ഇടങ്ങളില്‍ ജന സാന്നിധ്യം നന്നേ കുറഞ്ഞു. നിപ വൈറസ് പടരുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് മൂലം കോഴിയിറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍, ഈത്തപ്പഴങ്ങള്‍ എന്നീ വിപണികളില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
നിപാവൈറസ് മൂലമുള്ള മരണം നടന്ന കൊടിയത്തൂര്‍ മാട്ടു മുറിയിലും അതിന് ശേഷം കടകള്‍ തുറന്നിട്ടില്ല.
Next Story

RELATED STORIES

Share it