നിപാ ഭീതിയകന്നു; വിദ്യാലയങ്ങളില്‍ ആഘോഷപ്പൂമഴ

കോഴിക്കോട്: അറിവിന്‍ പൂമല കേറാന്‍ ആയിരങ്ങള്‍ ഇന്നലെ വിദ്യാലയങ്ങളിലെത്തി. മലബാറിലെ കോഴിക്കോട്, മലപ്പുറം, തലശ്ശേരി താലൂക്ക് എന്നിവിടങ്ങളില്‍ 11 നാള്‍ വൈകി ഇന്നലെയായിരുന്നു പ്രവേശനോല്‍സവം. നിപാ ഭീതിയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാലയങ്ങള്‍ വേനലവധി കഴിഞ്ഞ് ഈ മാസം 1ന് തുറന്നിരുന്നില്ല. നിപാ മരണങ്ങള്‍ നടന്ന പ്രദേശങ്ങളിലെ സ്‌കൂളുകളിലും മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഹാജരായി.
പതിവില്‍ കവിഞ്ഞ ആഘോഷ പരിപാടികളായിരുന്നു ജില്ലയിലെ വിദ്യാലയങ്ങളില്‍ പുതിയ കൂട്ടുകാരെ സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. പ്രവേശനോല്‍സവത്തില്‍ നിപാ ഭയം ഏശാതിരിക്കാന്‍ നിപാ വൈറസ് ബാധയേറ്റ് നാലു പേര്‍ മരിച്ച സൂപ്പിക്കട ഉള്‍പ്പെടുന്ന പ്രദേശത്തെ ചങ്ങരോത്ത് എംയുപി സ്‌കൂള്‍ ഉള്‍പ്പെട്ട ദേശത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും എത്തിക്കാന്‍ രക്ഷിതാക്കളുടെ സംഘടനകളും രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. അതുകൊണ്ടുതന്നെ നിപാ വൈറസ് ഭയത്തെ അകറ്റി വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം വിദ്യാലയത്തിലെത്തി.
നിപാ മരണം ദുഃഖത്തിലും ഭീതിയിലുമാഴ്ത്തിയ ചെറുവണ്ണൂര്‍, ചെമ്പനോട, കൂരാച്ചുണ്ട്, പുനത്ത്, തിരുവോട് പ്രദേശങ്ങളിലെ വിദ്യാലയങ്ങൡലും പ്രവേശനോല്‍സവം തകൃതിയാക്കി. ജില്ലാതല പ്രവേശനോല്‍സവം ചെമ്പുകടവ് യുപി സ്‌കൂളിലായിരുന്നു.
കോഴിക്കോട് നഗരസഭയുടെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളുടെ ജില്ലാതല പ്രവേശനോല്‍സവം മാനാഞ്ചിറ ഗവ. മോഡല്‍ ടിടിഐ സ്‌കൂളില്‍ നടന്നു.
Next Story

RELATED STORIES

Share it