kozhikode local

നിപാ ഭീതിയകന്നു: മിഠായിത്തെരുവ് പെരുന്നാള്‍ത്തിരക്കില്‍

കോഴിക്കോട്: നിപാ പേടിയകന്ന് മിഠായിത്തെരുവ് പെരുന്നാള്‍ തിരക്കില്‍. നിപാ നിയന്ത്രണങ്ങളെല്ലാം നീക്കിയെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ഇന്നലെ ഉച്ചയോടെ മിഠായിത്തെരുവ് സജീവമായി. കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴയും അല്‍പമൊന്ന് മാറി നിന്നു.
തെളിഞ്ഞ ഞായറാഴ്ചയില്‍ മിഠായിത്തെരുവ് ശരിക്കും പെരുന്നാള്‍ തിരക്കിലാണ്ടു. പെരുന്നാളിനി കേവലം മൂന്നോ നാലോ ദിവസങ്ങള്‍ മാത്രമാണുള്ളത്. മാത്രമല്ല, നിപാ നിയന്ത്രണം കാരണം ജില്ലയിലെ സ്‌കൂളുകളും നാളെ തുറക്കാനിരിക്കയാണ്.
ബാഗും കുടയും ചെരിപ്പും ടിഫിന്‍ബോക്‌സും അടക്കം സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സാധനങ്ങള്‍വാങ്ങാനായുള്ള അവസാന തിരക്കും ദൃശ്യമായിരുന്നു. പെരുന്നാള്‍ വസ്ത്രങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സാധനങ്ങളും വാങ്ങുന്നതിനായി കുട്ടികളേയും കൂട്ടിയാണ് ഇപ്പോഴെല്ലാവരും എത്തുന്നത്. ഇപ്പോള്‍ നിപാ ഭയം മാറിയിരിക്കുന്നു.
കുഞ്ഞുങ്ങളെ നഗരത്തിലേക്ക് നിപാ ഭയത്താല്‍ കൊണ്ടുവരാതിരുന്നവര്‍ പോലും ഇന്നലെ ഇവരുമായാണ് എത്തിയത്. പലരും കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളും മറ്റും വാങ്ങാനാവുന്നതിലുള്ള തിരക്കിലും ആശ്വാസത്തിലുമാണ്.
നിപാ ഭയത്താല്‍ മന്ദീഭവിച്ച വിപണി അല്‍പമൊന്ന് ഉണരാന്‍ തുടങ്ങിയപ്പോഴേക്കും കടുത്ത മഴ വിപണിയെ, പ്രത്യേകിച്ചും തെരുവുകച്ചവടത്തെ മോശമായി ബാധിച്ചിരുന്നു. എന്നാല്‍ ഇന്നലത്തെ തെളിഞ്ഞ ആകാശം തെരുവിന് പെരുന്നാള്‍ ചൂട് പകര്‍ന്നു. സണ്‍ഡേ മാര്‍ക്കറ്റ് പെരുന്നാള്‍ മാര്‍ക്കറ്റിന് വഴിമാറിയപ്പോള്‍ കച്ചവടക്കാരുടെയും വാങ്ങാനെത്തിയവരുടെയും മുഖത്ത് പെരുന്നാള്‍ പിറ.
ഇരുപത്തേഴാം രാവെത്തിയിരിക്കുന്നു. വരുന്ന രണ്ടു ദിവസം കൂടി മഴയൊന്നു വിട്ടുനിന്നാല്‍ മിഠായിത്തെരുവിനെ ആശ്രയിച്ചു ജീവിക്കുന്ന കച്ചവടക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തെല്ലൊരാശ്വാസമായേനെ.
Next Story

RELATED STORIES

Share it