kozhikode local

നിപാ ഭീതിക്കിടെ നാട്ടുകാര്‍ക്ക് ദുരിതമായി പന്നിഫാം

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ് കൂടാംപൊയിലില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നടത്തുന്ന പന്നിഫാം പ്രദേശവാസികള്‍ക്ക് ദുരിതമാവുന്നതായി പരാതി. ഗ്രാമ പഞ്ചായത്തും ആരോഗ്യ വകുപ്പും മുക്കം പോലിസും ആവശ്യപ്പെട്ടിട്ടും അനധികൃതമായി വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാം അടച്ചുപൂട്ടാന്‍ ഉടമ തയ്യാറാവുന്നില്ലന്നും നാട്ടുകാര്‍ പറയുന്നു.
ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലാണ് ഫാം പ്രവര്‍ത്തിക്കുന്നത്. നിപാ വൈറസ് ഭീതിയുള്ളതിനാല്‍ ജനങ്ങളിപ്പോള്‍ വലിയ പേടിയോടെയാണിവിടെ കഴിയുന്നത്. പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പതിവാണന്നും ഭക്ഷണാവശിഷ്ടങ്ങള്‍ തുറസ്സായ സ്ഥലത്ത് വെച്ച് നല്‍കുന്നത് മൂലം രൂക്ഷമായ ദുര്‍ഗന്ധത്തോടൊപ്പം രോഗഭീതിയും നിലനില്‍ക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. 2017 ഒക്ടോബറില്‍ 83 കുടുംബങ്ങള്‍ പേരെഴുതി ഒപ്പിട്ട് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി ഫാം അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയത്. സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പന്നിഫാം പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
പ്രദേശത്തെ കുടുംബശ്രീ യൂനിറ്റും ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ ജനത്തിന് ദുരിതമായി പന്നിഫാം പ്രവര്‍ത്തനം തുടരുകയാണ്.









Next Story

RELATED STORIES

Share it