നിപാ പ്രതിരോധം; ഹോമിയോപ്പതി ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദത്തില്‍

കെ വി ഷാജി സമത

കോഴിക്കോട്: നിപാ പ്രതിരോധ മരുന്ന് വിതരണം സംബന്ധിച്ച് ഹോമിയോപ്പതി ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദത്തില്‍. നിപാ വൈറസ് സ്ഥിരീകരിക്കുകയും രോഗികള്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഹോമിയോപ്പതി വകുപ്പിലും ജനങ്ങള്‍ക്കിടയിലും അവ്യക്തത പരത്തുകയാണ്. കഴിഞ്ഞമാസം 25നാണ് ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ ജമുന പനി പ്രതിരോധ പ്രവര്‍ത്തനം സംബന്ധിച്ച്് ഹോമിയോ സ്ഥാപനങ്ങള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഇതില്‍ കോഴിക്കോട്ടും മലപ്പുറത്തും ഇപ്പോള്‍ നിലവിലുള്ള പനിക്ക് പ്രതിരോധ മരുന്ന് കൊടുക്കാവുന്നതാണ് എന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിപാ എന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും സര്‍ക്കുലര്‍ പുറത്തിറങ്ങിയ സമയത്ത് കോഴിക്കോട്ടും മലപ്പുറത്തും ആശങ്ക ഉയര്‍ത്തിയത് നിപാ തന്നെയായിരുന്നു.
എന്നാല്‍, ഇക്കാര്യം വ്യക്തമാക്കാതെ സാധാരണ വൈറല്‍ പനിക്ക് നല്‍കിവരുന്ന ബലഡോണ രണ്ട്് ഡോസ് വീതം ആറു ദിവസവും ആറാമത്തെ ദിവസം കാല്‍കാര്‍ബ് എന്ന മരുന്നും നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. കോഴിക്കോട്് മണാശ്ശേരി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിപാ പ്രതിരോധ മരുന്ന് വിതരണം ചെയ്ത സംഭവം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, ഇത്തരത്തില്‍ പ്രതിരോധ മരുന്ന് വിതരണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു ഹോമിയോപ്പതി ഡയറക്ടറുടെ വിശദീകരണം.
അലോപ്പതി സംവിധാനം നിപായ്‌ക്കെതിരേ ആവശ്യമായ പ്രതിരോധ-പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും, ഇതിനിടയില്‍ ഹോമിയോപ്പതിക്ക് ഒന്നും ചെയ്യാനില്ലെന്നും ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ ജമുന തേജസിനോടു പറഞ്ഞു. നിപാ രോഗികള്‍ അലോപ്പതി വിഭാഗത്തിലാണ് ചികില്‍സയ്‌ക്കെത്തുന്നത്. അതുകൊണ്ടുതന്നെ നിപാ വൈറസിനെ സംബന്ധിച്ചും രോഗത്തെ കുറിച്ചും ഹോമിയോപ്പതി വിഭാഗത്തിന് പഠിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ഡയറക്ടര്‍ പറഞ്ഞു.









Next Story

RELATED STORIES

Share it