malappuram local

നിപാ പ്രതിരോധം: ആരോഗ്യ വകുപ്പില്‍ ഏകീകരണമില്ലെന്ന് പരാതി

മഞ്ചേരി: നിപാ വൈറസ് മൂലമുള്ള പനി ഭീഷണിയായിരിക്കെ രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ അലോപതിക്കു മാത്രം ഊന്നല്‍ നല്‍കുന്നതില്‍ ഏറനാട് താലൂക്ക് വികസന സമിതി യോഗത്തില്‍ പ്രതിഷേധം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന യോഗങ്ങളില്‍ ആയുര്‍വേദ ഹോമിയോ വകുപ്പുകളെ മാറ്റിനിര്‍ത്തുന്നെന്നാണ് പ്രധാന ആക്ഷേപം. ഇക്കാരണത്താല്‍ ഈ ചികില്‍സാ വിഭാഗത്തിലെ പ്രതിരോധ മാര്‍ഗങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാവുന്നില്ലെന്ന് ഹോമിയോ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തില്‍ പറഞ്ഞു.
എന്നാല്‍, നിപാ ബാധിതര്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ വാര്‍ഡുകള്‍ സജീകരിച്ചതായും ഇതുവരെ ഇത്തരം കേസുകളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മഞ്ചേരി മെഡിക്കല്‍ കോളജ് സുപ്രണ്ട് വ്യക്തമാക്കി. ആരോഗ്യ ജാഗ്രത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ സംഘടനകള്‍, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി കാര്യക്ഷമമായി നടത്താന്‍ യോഗം നിര്‍ദേശിച്ചു. മഞ്ചേരി ജസീലാ ജങ്ഷന്‍ മുതല്‍ എടവണ്ണവരെയുള്ള റോഡ് പ്രവൃത്തികൂടി നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും നെല്ലിപറമ്പ്-ജസീല ജങ്ഷന്‍ വരെ റോഡ് വീതികുട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു. കാവനൂര്‍ അങ്ങാടിയിലെ പൊടിശല്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനും സ്‌കൂള്‍ സര്‍വീസുകളില്‍ ഏര്‍പ്പെടുന്ന ഓട്ടോറിക്ഷകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം പരിധിയില്‍ കൂടുതലാവാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി.
റമദാന്‍ കഴിയുന്നതോടെ മഞ്ചേരി നഗരത്തിലെ നടപ്പാതകളിലുള്ള കച്ചവടം പൂര്‍ണമായും ഒഴിവാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരത്തിലെ ഗതാഗത പരിഷ്‌കരണം ആസൂത്രണം ചെയ്യാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനുള്ള തുക മുന്‍കൂറായി അടവാക്കിയിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി. വലിയ വാഹനങ്ങള്‍ മഞ്ചേരി നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
മൂന്ന് മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങിട്ടിയില്ലെങ്കില്‍ റേഷന്‍ ലഭ്യത നിലയ്ക്കുമെന്നത് അഭ്യൂഹം മാത്രമാണന്ന് താലൂക്ക് സപ്ലൈ ഒഫിസര്‍ യോഗത്തെ അറിയിച്ചു. ഏറനാട് താലൂക്കില്‍ ജില്ലാ കലക്ടര്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്കപരിപാടി ഈമാസം 23ന് രാവിലെ ഒമ്പതു മുതല്‍ മഞ്ചേരി നഗരസഭ ടൗണ്‍ഹാളില്‍ നടക്കും. വിവിധ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഈമാസം ഏഴുവരെ അപേക്ഷിക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. യോഗത്തില്‍ അസൈന്‍ കാരാട് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ സുരേഷ്, കാവനൂര്‍ പി മുഹമ്മദ്, പി വി ശശികുമാര്‍, കെ ടി ജോണി, സി ടി രാജു, ടി പി വിജയകുമാര്‍, അബ്ദു മഞ്ഞപ്പറ്റ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സലീന സംബന്ധിച്ചു.

Next Story

RELATED STORIES

Share it