kannur local

നിപാ പേടിയില്‍ നാടും നഗരവും

കണ്ണൂര്‍: നിപാ വൈറസ് പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കുറഞ്ഞു. പനി ബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതി കാരണം സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നില്ല. പകരം സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുകയാണ് പലരും. ദിനേന നിരവധി പേരെത്തുന്ന ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറല്‍ ആശുപത്രിയിലും രോഗികളുടെ കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
വിവിധ ഒപികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണത്തിനു പുറമെ ഇന്‍പേഷ്യന്റ് വിഭാഗത്തിലും രോഗികളുടെ എണ്ണം കുറവാണ്. കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ കണ്ണൂരില്‍ ജാഗ്രത പാലിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശം നല്‍കിയിരുന്നു. നിപ ബാധിച്ച് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്ന നാദാപുരം സ്വദേശി കോഴിക്കോട്ടെ ആശുപത്രിയില്‍ മരിച്ചിരുന്നു. ഇതോടെയാണ് കണ്ണൂര്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ഇതിന്റെ ഭാഗമായി ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. പനി ബാധിതര്‍ക്കും ഇവിടെ പ്രത്യേക ചികില്‍സ നല്‍കുന്നുണ്ട്. ഇതാണ് ഇവിടങ്ങളിലേക്ക് ചികില്‍സയ്ക്കു വരാന്‍ മറ്റു രോഗികളെ അകറ്റുന്നത്.
അതേസമയം, പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും നഗരങ്ങളില്‍ താരതമ്യേന ആളുകള്‍ കുറവാണ്.
കണ്ണൂരില്‍നിന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്ക് പോവുന്നവരുടെ എണ്ണവും കുറഞ്ഞു. ആത്യാവശ്യ കാര്യങ്ങള്‍ക്കായി പോവുന്നവര്‍ തന്നെ മാസ്‌ക് ഉപയോഗിച്ചാണ് ബസ്സുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്നത്. പതിവായി സൂചികുത്താന്‍ ഇടമില്ലാത്തവിധം തിരക്ക് അനുഭവപ്പെടാറുള്ള പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള പകല്‍ വണ്ടികളിലും ഇപ്പോള്‍ തിരക്ക് കുറവാണ്.
തിയേറ്ററുകളിലും ഷോപിങ് മാളുകളിലും ആളുകള്‍ എത്തുന്നതും കുറഞ്ഞിട്ടുണ്ട്. അതേസമയം, പതിവിലും നേരത്തെ മഴയെത്തിയതോടെ നാടും നഗരവും കര്‍ശന ജാഗ്രതയിലാണ്.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ കനത്ത മഴയാണ് ജില്ലയില്‍ ലഭിച്ചത്. മഴ തുടങ്ങിയത് പ്രതിരോധ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.
Next Story

RELATED STORIES

Share it