Flash News

നിപാ നിയന്ത്രണവിധേയമാവുന്നു

കോഴിക്കോട്: ദിവസങ്ങളായി കേരളത്തെ ഭീതിയിലാഴ്ത്തിയ നിപാ നിയന്ത്രണവിധേയമാവുന്നു. പുതുതായി ആര്‍ക്കും നിപാ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിപാ രോഗലക്ഷണങ്ങളോടെ തൃശൂരില്‍ ഒരാള്‍ ചികില്‍സ തേടിയിട്ടുണ്ടെങ്കിലും കോഴിക്കോട്ട് നിപാ സംശയിച്ച് ചികില്‍സയിലുണ്ടായിരുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഏഴുപേര്‍ മാത്രമാണ് നിപാ സംശയിച്ച് ഇപ്പോള്‍ കോഴിക്കോട്ട് ചികില്‍സയിലുള്ളത്.
ബാക്കിയുള്ളവ—രെല്ലാം നിപാ അല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടതിനാല്‍ ആശുപത്രി വിട്ടു. നിപാ സ്ഥിരീകരിച്ച് കോഴിക്കോട്ട് ചികില്‍സയിലുള്ള മൂന്നു പേരുടെയും നിലയില്‍ നേരിയ പുരോഗതിയുണ്ട്. മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുള്‍പ്പെടെ രണ്ടു പേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികില്‍സയിലുള്ളത്. അതിനിടെ പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ച നിപാ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ രണ്ടു മക്കളും സുഖംപ്രാപിച്ചുവരുന്നു. ഇരുവരും മാതൃശിശു സംരക്ഷണകേന്ദ്രത്തിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുന്നവരെയും അതു പ്രചരിപ്പിക്കുന്നവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ലഭ്യമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് ആരോഗ്യവകുപ്പ് കാണുന്നത്. സൈബര്‍ സെല്ലിന്റെയും പോലിസിന്റെയും സഹായത്തോടെ ഇത്തരം വ്യാജ മെസേജുകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. നിപാ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കാനായി ആരോഗ്യ വകുപ്പ് അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും മന്ത്രി പോസ്്റ്റിലൂടെ അറിയിച്ചു. രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിപാ വൈറസിന്റെ യഥാര്‍ഥ ഉറവിടമാവാന്‍ സാധ്യതയുള്ളതായി കരുതുന്ന വവ്വാലുകളെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി പഴം തിന്നുന്ന വവ്വാലുകളുടെ സാംപിള്‍ ശേഖരിച്ചു. ഇവ ഭോപാലിലേക്ക് അയച്ചിട്ടുണ്ട്. വവ്വാലുകളെ കൊല്ലരുതെന്നും അത് അപകടകരമായിരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
നിപാ വൈറസ്ബാധമൂലമുണ്ടാവുന്ന മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാര നിര്‍ദേശവുമായി ആരോഗ്യവകുപ്പ് നിപാ മെന്റല്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. രോഗബാധയുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠ ഉള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ ഹെല്‍പ്‌ലൈന്‍ സഹായിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ്, ഗവണ്‍മെന്റ് മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട് ഇംഹാന്‍സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 8281904533, 8156830510, 9188541485 നമ്പറുകളില്‍ രാവിലെ ഒമ്പതിനും അഞ്ചിനും ഇടയില്‍ വിളിക്കാവുന്നതാണ്.
Next Story

RELATED STORIES

Share it