നിപാ: ഈ മാസം അവസാനം വരെ ജാഗ്രത തുടരും

തിരുവനന്തപുരം: നിപ്പ പനിയുടെ രണ്ടാംഘട്ടം ദുര്‍ബലമായതിനാല്‍ വൈറസ് ബാധ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. അതേസമയം, ഈമാസം അവസാനം വരെ ജാഗ്രത തുടരും. നിപാ വൈറസ് രോഗ വ്യാപനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്തു.
വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് മാത്രമാണ് നിലവിലുള്ള വെല്ലുവിളി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍, യോജിച്ച പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. കോഴിക്കോട് കേന്ദ്രമാക്കി വിഎസ്എല്‍-3 ഗ്രേഡിലുള്ള ലാബ് വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അനുവദിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. നിപാ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് കൂട്ടായ്മയുടെ വിജയമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആദ്യ അനുഭവമായിരുന്നു ഇത്. ലോകത്തൊരിടത്തും രണ്ടാമത്തെ മരണത്തില്‍ തന്നെ നിപാ രോഗം കണ്ടെത്തിയിട്ടില്ല. നിപാ വൈറസ് സ്ഥിരീകരിച്ചതോടെ പെട്ടന്നുതന്നെ മുന്‍കരുതലുകള്‍ നടത്താനായി. ചില രാജ്യങ്ങളില്‍ എബോള വൈറസിനെ ചെറുക്കാന്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് നിപയെ ചെറുക്കാന്‍ സംസ്ഥാനവും സ്വീകരിച്ചത്.
വൈറസ് ബാധ ചെറുക്കുന്നതിന് ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്ന് ഐസിഎംആര്‍ വഴി ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ എംബസി വഴിയാണ് എത്തിച്ചത്. വൈറസ് ബാധ തടയുന്നതിനു വേണ്ട എല്ലാ നപടികളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും പുതുതായി രോഗലക്ഷണത്തോടെ ആരും ചികില്‍സ തേടിയിട്ടില്ലെന്നത് ശുഭസൂചനയാണ്. നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച 13 പേര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
രാഷ്ട്രീയഭേദമെന്യേ സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടെ സഹകരണവും ഈ ഉദ്യമത്തിന് ലഭിച്ചതായി പറഞ്ഞ മന്ത്രി ആരോഗ്യവകുപ്പിന്റെ ടീമിനും ഡോ. അനൂപ്, ഡോ. ജയകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരെയും ആശുപത്രികളശിലെ ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും അനുമോദിക്കുന്നതായും പറഞ്ഞു.
അതേസമയം, നിപാ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാരിനായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിപ്പയുടെ പേരില്‍ ചിലര്‍ അനാവശ്യമായി ഭീതിപരത്തുകാണെന്നും ഇത് ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സാംക്രമിക രോഗ പഠന ഗവേഷണ കേന്ദ്രവും വൈറോളജി സെന്ററും വേണം.
ജനങ്ങള്‍ ആശങ്ക ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും, ആരോഗ്യവകുപ്പ് ഡയറക്ടറും വസ്തുതകള്‍ വ്യക്തമാക്കി ജനങ്ങളോട് വിഷ്വല്‍ ആയി തന്നെ സംസാരിക്കണം. തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ ഉയര്‍ത്തി.
എ പ്രദീപ്കുമാര്‍, വി എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, ഇ കെ വിജയന്‍, കെ എം മാണി, അനൂപ് ജേക്കബ്, സി കെ നാണു, പി സി ജോര്‍ജ്, കെ ദാസന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it