kozhikode local

നിപാ: അന്വേഷണ സംഘത്തെ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ തടഞ്ഞു

മുക്കം: നിപാ വൈറസിനുള്ള പ്രതിരോധ മരുന്നെന്ന പേരില്‍ ഹോമിയോ മരുന്ന് നല്‍കിയതായി പരാതി ഉയര്‍ന്ന മണാശ്ശേരിയിലെ ഡിസ്പന്‍സറിയില്‍ അന്വേഷണത്തിനെത്തിയ സംഘത്തെ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ തടഞ്ഞു വച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎംഒ അയച്ച സംഘത്തെ നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തടഞ്ഞത്.
ഡിഎംഒയുടെ നിര്‍ദേശ പ്രകാരമെത്തിയ ഡിസ്ട്രിക്ട് ലെവല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പിലെ അംഗങ്ങളെയാണ് ഒന്നര മണിക്കൂറോളം തടഞ്ഞുവച്ചത്. നിപാ വൈറസിനുള്ള പ്രതിരോധ മരുന്നെന്ന പേരില്‍ നല്‍കിയ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന പരാതി  അന്വേഷിക്കാനാണ് ഇന്നലെ രാവിലെ പത്തരയോടെ സംഘം മണാശ്ശേരിയിലെത്തിയത്. ഡോ. ഗോപിനാഥ്, ഡോ. ജയശ്രീ, ഡോ. എ ജി അജിത്, ഡോ. ബി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
യാതൊരു അന്വേഷണവും നടത്താതെ ഡിസ്പന്‍സറിയിലെ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരെ തടഞ്ഞത്. ഡിസ്പന്‍സറിയിലെ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരി മരുന്ന് നല്‍കിയതെന്നും  ഡ്യൂട്ടിയിലുള്ള ദിവസം മെഡിക്കല്‍ ഓഫിസര്‍ നേരിട്ട് മരുന്ന് നല്‍കിയിട്ടുണ്ടെന്നും നഗരസഭാ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
മേലുദ്യോഗസ്ഥര്‍ ചേര്‍ന്ന് ജീവനക്കാരിയെ ബലിയാടാക്കുകയായിരുന്നുവെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ജീവനക്കാരിയെ തിരിച്ചെടുക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഡോക്ടര്‍മാരെ വിട്ടയയ്ക്കൂവെന്ന നിലപാടിലായിരുന്നു കൗണ്‍സിലര്‍മാര്‍. ഒടുവില്‍ ഡോക്ടര്‍മാര്‍ ഡിഎംഒയേയും ഡിഎംഒ സംസ്ഥാന ഹോമിയോപ്പതി ഡയറക്ടറെയും ബന്ധപ്പെട്ടു. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി ഇന്ന് പിന്‍വലിക്കാമെന്ന ഡിഎംഒയുടെ ഉറപ്പു ലഭിച്ച ശേഷമാണ് സംഘത്തെ വിട്ടയച്ചത്. നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍മാരായ എന്‍ ചന്ദ്രന്‍, ബ്രിജേഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
Next Story

RELATED STORIES

Share it