Flash News

നിപാ:ചികില്‍സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ചവരുടെ ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗബാധിതര്‍ക്ക്  ചികില്‍സയ്ക്കായി ചെലവഴിക്കേണ്ടിവന്ന തുക ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ചുനല്‍കും. കലക്ടര്‍മാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിപാ ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ കിറ്റ് നല്‍കും. കോഴിക്കോട്ട് 2,400 കുടുംബങ്ങള്‍ക്കും മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കുമാണ് സഹായം ലഭിക്കുക. കുറുവ അരി, പഞ്ചസാര, ചായപ്പൊടി തുടങ്ങിയവയെല്ലാം കിറ്റില്‍ ഉള്‍പ്പെടുത്തും. നിപായെ കുറിച്ച് നിലവില്‍ ആശങ്ക വേണ്ട. എങ്കിലും ജാഗ്രത തുടരും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാലയങ്ങള്‍ ഈ മാസം 12 വരെ തുറക്കേണ്ടതില്ല. നിപായുടെ പേരില്‍ അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കണം.
സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. കോഴിക്കോട് ജില്ലാ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ഫലപ്രദമായ നടപടികള്‍ ആദ്യഘട്ടത്തിലേ സ്വീകരിക്കാനായി. ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമകരമായ സേവനത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കാലവര്‍ഷത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പുവരുത്താനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. വൈറസ് ബാധയുടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ ഉള്‍പ്പെടുത്തി പഠനം നടത്തും. രോഗം വ്യാപിച്ചതിനപ്പുറം രണ്ടാമതൊരു സ്രോതസ്സിെല്ലന്നും ആദ്യഘട്ടത്തില്‍ നടപടി സ്വീകരിച്ചതിനാല്‍ മരണസംഖ്യ കുറയ്ക്കാനായതായും യോഗം വിലയിരുത്തി. ഏതാനും ദിവസമായി പുതിയ കേസുകളൊന്നും റിപോര്‍ട്ട് ചെയ്യാത്തതിനാല്‍ ആദ്യഘട്ടം രോഗം ബാധിച്ചവരോട് അടുത്തിടപഴകിയവര്‍ക്ക് വൈറസ് ബാധയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം.
അതിനാല്‍, നിപാ വൈറസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നില്ലെന്നും അനാവശ്യമായ ആശങ്കയും ഭീതിയും പരത്തുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജൂണ്‍ അവസാനം വരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കോഴിക്കോട്ട് തുടരും. വൈറസ് ബാധയുടെ പശ്ചാത്തലത്തിലും മഴക്കാല രോഗങ്ങള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും തീരുമാനമായി. അതേസമയം, പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മികച്ചതാണ്. സര്‍ക്കാരിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലയിലെ 70 പഞ്ചായത്തുകളില്‍ നിപാ സമ്പര്‍ക്ക പട്ടികയിലുള്ളവരുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആസ്‌ത്രേലിയയില്‍ നിന്നെത്തിച്ച ആ ന്റിബോഡി ഐസിഎംആര്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കും.
Next Story

RELATED STORIES

Share it