നിനോ മാത്യുവിന് കടുത്ത ശിക്ഷ ലഭിച്ചത് പിതാവിന്റെ സത്യസന്ധത മൂലം

തിരുവനന്തപുരം: ആറ്റിങ്ങല്‍ കൊലപാതക കേസിലെ ഒന്നാംപ്രതി നിനോ മാത്യുവിന്റെ പിതാവ് സത്യത്തിനൊപ്പം നിന്നതാണ് പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ കാരണമായത്. കേസിലെ 43ാം സാക്ഷിയാണ് നിനോ മാത്യുവിന്റെ പിതാവ് പ്രഫ. ടി ജെ മാത്യു. മകനെ രക്ഷിക്കാന്‍ ഒരിക്കലും കോടതിയില്‍ കൂറുമാറാന്‍ അദ്ദേഹം തയ്യാറായില്ല. അനുശാന്തിക്ക,് നിനോ മെസേജുകള്‍ അയച്ചത് പിതാവിന്റെ പേരിലുള്ള മൊബൈല്‍ സിം കാര്‍ഡ് ഉപയോഗിച്ചാണ്. ഇക്കാര്യം അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു. കൂടാതെ തെറ്റുചെയ്ത മകന്‍ ശിക്ഷിക്കപ്പെടണം എന്നുറച്ച് പ്രോസിക്യൂഷനൊപ്പം നിന്നതും ടി ജെ മാത്യുവെന്ന അധ്യാപകന്റെ നന്മ വ്യക്തമാക്കുന്നതാണ്.
അനുശാന്തിയുമായുള്ള നിനോയുടെ പ്രണയം അറിഞ്ഞപ്പോള്‍ മുതല്‍ മകനെ പിന്തിരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇക്കാര്യത്തിന്റെ പേരില്‍ നിനോ പിതാവുമായി സംസാരിക്കുന്നതും അവസാനിപ്പിച്ചു. തുടര്‍ന്ന്, തെറ്റ് ഏറ്റുപറഞ്ഞ് പള്ളിയില്‍ പോയി കുമ്പസരിക്കണം എന്നാവശ്യപ്പെട്ട് ടി ജെ മാത്യു നിനോയ്ക്ക് കത്ത് എഴുതിയിരുന്നു. ഈ കത്തും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. '
നിനക്ക് നല്ലൊരു മകളുണ്ട്. നിന്റെ ഭാര്യയെ ഒരിക്കലും വേദനിപ്പിക്കരുത്. മറ്റൊരു സ്ത്രീയുമായി നിനക്കുള്ള ബന്ധം സുഹൃത്തുക്കള്‍ പറഞ്ഞ് എനിക്കറിയം. നീ ഈ തെറ്റു തിരുത്തണം. പള്ളിയില്‍ പോയി കുമ്പസാരിക്കണം. അച്ചനെ കണ്ട് കൗണ്‍സലിങിനു വിധേയനാവണം. തെറ്റുകള്‍ തിരുത്തണം.' പ്രഫ. ടി ജെ മാത്യു മകനു നല്‍കിയ കത്തിലെ വരികളാണിത്. നിനോ അനുശാന്തിക്ക് വാട്‌സ്ആപ് സന്ദേശങ്ങള്‍ അയച്ചിരുന്നത് ടി ജെ മാത്യുവിന്റെ പേരിലെടുത്ത മൊബൈല്‍ കണക്ഷനില്‍ നിന്നാണ്. ഇത് കോടതിയില്‍ സ്ഥിരീകരിക്കാനാണ് പ്രോസിക്യൂഷന്‍ മാത്യുവിനെ 43ാം സാക്ഷിയാക്കിയത്. സത്യസന്ധനായ ആ അധ്യാപകന്‍ കോടതിയില്‍ കൂറുമാറിയില്ല. തന്റെ പേരിലുള്ള സിം കാര്‍ഡ് മകനാണ് ഉപയോഗിക്കുന്നതെന്ന് മാത്യു മൊഴി നല്‍കിയത് ഗൂഢാലോചന തെളിയിക്കുന്നതില്‍ നിര്‍ണായകമായി. മകനെഴുതിയ മറ്റൊരു കത്തും മാത്യു ഹാജരാക്കിയിരുന്നു.
അതേസമയം, കേസന്വേഷണത്തില്‍ നിര്‍ണായകമായത് ഏക ദൃക്‌സാക്ഷി ലിജീഷിന്റെ മൊഴിയാണ്. നിനോ മാത്യുവിന്റെ ആക്രമണത്തില്‍ നിന്നു തലനാരിഴയ്ക്കാണ് ലിജീഷ് രക്ഷപ്പെട്ടത്. ലിജീഷും മരിച്ചിരുന്നെങ്കില്‍ കേസിന്റെ അന്വേഷണം മറ്റൊരു ദിശയിലേക്കു നീങ്ങുമായിരുന്നു. മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാന്‍ നിനോ മാത്യു കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു. ലിജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിനോയെ പോലിസിനു പിടികൂടാനായി. തന്റെ മാതാവിന്റെയും മകളുടെയും കൊലപാതകിക്കും അരുംകൊലയ്ക്കു കൂട്ടുനിന്ന ഭാര്യക്കും എതിരേ നിര്‍ണായകമായത് ഏക ദൃക്‌സാക്ഷി ലിജീഷ് നല്‍കിയ മൊഴിയായിരുന്നു.
Next Story

RELATED STORIES

Share it