നിദാന്ത ജാഗ്രതയില്ലെങ്കില്‍ നിലവിലെ സ്വാതന്ത്ര്യവും ഇല്ലാതാവും: റിട്ട. ജസ്റ്റിസ് കെ കെ ദിനേശന്‍

കൊച്ചി: വിമര്‍ശനത്തെ അസഹിഷ്ണുതയോടെയാണു കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും നിദാന്ത ജാഗ്രതയില്ലെങ്കില്‍ നിലവിലെ സ്വാതന്ത്ര്യവും ഇല്ലാതാവുമെന്നും റിട്ട. ജസ്റ്റിസ് കെ കെ ദിനേശന്‍. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംഘടിപ്പിച്ച 'യുഎപിഎ-ലക്ഷ്യവും പ്രയോഗവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനയ്യകുമാറിനെ കുടുക്കാന്‍ വ്യാജ ശബ്ദരേഖയുണ്ടാക്കിയത് തെളിഞ്ഞു. ബിജെപിക്കായി പോലിസ് നിയമസംവിധാനങ്ങളെ വളച്ചൊടിച്ചു. ആശങ്കപ്പെട്ട ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ വരവ് അറിയിച്ചുകഴിഞ്ഞുവെന്നും നിദാന്ത ജാഗ്രതയില്ലെങ്കില്‍ നിലവിലെ സ്വാതന്ത്ര്യവും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിയെന്ന് തെളിയിക്കേണ്ടത് പിടികൂടപ്പെടുന്നവന്റെ ബാധ്യതയായി മാറി. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്നും അഡ്വ. തമ്പാന്‍ തോമസ് പറഞ്ഞു. അധികാരത്തോടൊപ്പം ജാതിയും മതവും ചേര്‍ക്കുകയാണെന്നും രാജ്യത്തെ ഏകാധിപത്യ വാഴ്ചയിലേക്കു നയിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി ജയരാജനെതിരേ യുഎപിഎ നിയമം ചുമത്തി സിബിഐ സ്വയം അപഹാസ്യരായി. വലിയ കുറ്റങ്ങള്‍ക്കുള്ള നിയമം ചെറിയ കുറ്റങ്ങള്‍ക്കു പ്രയോഗിക്കുന്നത് ദുര്‍വിനിയോഗമാണെന്നും ഇക്കാര്യത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ഹൈക്കോടതി കമ്മിറ്റി പ്രസിഡന്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എന്‍ മനോജ്, അഭിഭാഷകരായ പി വി സുരേന്ദ്രനാഥ്, ടി പി രമേശ്, കെ കെ നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it