Flash News

നിത്യപൂജ തടസ്സപ്പെട്ടെന്ന് ; അബ്രാഹ്മണനായ ‘മേല്‍ശാന്തിക്കെതിരേ പരാതി



തിരുവല്ല: വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമിതനായ അബ്രാഹ്മണനായ യദുകൃഷ്ണനെതിരേ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ മുമ്പാകെ പരാതി. അഖില കേരള ശാന്തി ക്ഷേമ യൂനിയന്‍ സെക്രട്ടറി എ എസ് കൃഷ്ണന്‍ നമ്പൂതിരി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ തിരുവല്ല ഗ്രൂപ്പ് സെക്രട്ടറി പ്രേംജിത്ത് ശര്‍മ എന്നിവരാണ് പരാതിക്കാര്‍. കഴിഞ്ഞമാസം ഒമ്പതിന് നിയമിതനായ പൂജാരി ക്ഷേത്രത്തിലെ നിത്യപൂജ മുടക്കം വരുത്തിയതായാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ 26നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. 26ന് രേഖാമൂലം അവധിയെടുത്ത യദുകൃഷ്ണന്‍ അന്ന് വൈകീട്ടും പിറ്റേന്ന് രാവിലെയും പൂജയ്ക്കുവേണ്ടി മനോജ് പൈ എന്നയാളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, മനോജ് പൈയുടെ അടുത്ത ബന്ധുവിന് അപകടം സംഭവിച്ചതിനാല്‍ പകരം കടപ്ര ദുര്‍ഗാക്ഷേത്രത്തിലെ മേല്‍ശാന്തി ശ്യാംനാഥ് ശര്‍മയാണ് പൂജയ്ക്ക് എത്തിയത്. ഇദ്ദേഹം ക്ഷേത്രനട തുറന്നത് വൈകിപ്പോയെന്ന കാരണത്താലാണ് യദുകൃഷ്ണനെതിരേ പരാതി നല്‍കിയത്. ക്ഷേത്ര ആചാരങ്ങളില്‍ വീഴ്ച വരുത്തിയ യദുകൃഷ്ണനെ മേല്‍ശാന്തി സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും പരാതിയില്‍ നടപടി കൈക്കൊള്ളണമെന്നുമാണ് ആവശ്യം. പരാതി ലഭിച്ചതോടെ അസി. കമ്മീഷണര്‍ സ്ഥലത്തെത്തി ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍, ഭക്തജനങ്ങള്‍ എന്നിവരില്‍നിന്നും തെളിവെടുപ്പ് നടത്തി. മേല്‍ശാന്തി യദുകൃഷ്ണന്റെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് അസി. കമ്മീഷണര്‍ എന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it