നിതീഷ് മഹാസഖ്യം നേതാവ്: സത്യപ്രതിജ്ഞ വെള്ളിയാഴ്ച

പട്‌ന: ബിഹാറില്‍ മതനിരപേക്ഷ മഹാസഖ്യത്തിന്റെ നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. പുതിയതായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മഹാസഖ്യം സാമാജികരുടെ യോഗമാണു നിതീഷിനെ തിരഞ്ഞെടുത്തത്. പുതിയ മന്ത്രിമാരുടെ പേരുകള്‍ തീരുമാനിച്ചതായും നിതീഷ് അറിയിച്ചു. ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് എന്നീ കക്ഷികളടങ്ങിയതാണു മഹാസഖ്യം. ആര്‍ജെഡി പാര്‍ലമെന്ററി ബോര്‍ഡ് നേത്രി റാബ്രി ദേവിയാണ് 64കാരനായ നിതീഷിന്റെ പേര് നേതൃസ്ഥാനത്തേക്കു നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിപി ജോഷി പിന്താങ്ങി. യോഗത്തില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് സന്നിഹിതനായിരുന്നു. വോട്ടര്‍മാര്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം യാഥാര്‍ഥ്യമാക്കാന്‍ കഠിനമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു നിതീഷും ലാലുവും പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിതീഷ്, ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ കണ്ട് ഔപചാരികമായി അവകാശമുന്നയിച്ചു. സഖ്യകക്ഷി നേതാക്കളും നിതീഷിനെ അനുഗമിച്ചു. സഖ്യത്തിന്റെ എല്ലാ നിയമസഭാംഗങ്ങളും നിതീഷിന്റെ പേര് അംഗീകരിച്ച് കൈയടിച്ചെന്നു യോഗത്തില്‍ സന്നിഹിതനായിരുന്ന ജെഡിയു വക്താവ് നീരജ്കുമാര്‍ അറിയിച്ചു. ജെഡിയു അധ്യക്ഷന്‍ ശരത് യാദവ്, ജെഡിയു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി, തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. നേരത്തെ ജെഡിയു നിയമസഭാ കക്ഷിയോഗം നിതീഷിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു. നടപ്പു നിയമസഭ പിരിച്ചുവിടാന്‍ നിതീഷ്, ഗവര്‍ണറോട് ശുപാര്‍ശചെയ്തതിനു ശേഷമായിരുന്നു ജെഡിയു നിയമസഭാ കക്ഷിയോഗം ചേര്‍ന്നത്. മഹാസഖ്യം എംഎല്‍എമാരുടെ യോഗത്തില്‍ നിതീഷ്, ലാലു, ശരത് യാദവ് തുടങ്ങിയവര്‍ സംസാരിച്ചു.
എംഎല്‍എമാരുടെ യോഗത്തിനു മുമ്പ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗവും ആര്‍ജെഡി നിയമസഭാ കക്ഷിയോഗവും ചേര്‍ന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാന്‍ യോഗം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ചുമതലപ്പെടുത്തി. നിതീഷ് സര്‍ക്കാരില്‍ കോണ്‍ഗ്രസ് ചേരുന്ന കാര്യവും രണ്ടു നേതാക്കളും തീരുമാനിക്കും. ആര്‍ജെഡി നിയമസഭാ കക്ഷി നേതാവിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗം ലാലുവിനെയാണു ചുമതലപ്പെടുത്തിയിരുന്നത്. ലാലുവിന്റെ രണ്ടു മക്കളും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ ആരെങ്കിലുമൊരാള്‍ നിയമസഭാ കക്ഷി നേതാവാകുമെന്നാണു സൂചന. നിതീഷിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ 20നു വെള്ളിയാഴ്ച ഗാന്ധി മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍അധികാരമേല്‍ക്കും.
Next Story

RELATED STORIES

Share it