നിതീഷ് കട്ടാര കൊലപാതകം ദുരഭിമാനക്കൊലയല്ല

ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ വിവാദമായ നിതീഷ് കട്ടാര കൊലപാതകക്കേസിലെ പ്രതികള്‍ക്കു വധശിക്ഷ വേണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പ്രതികളായ വികാസ് യാദവ്, വിശാല്‍ യാദവ് എന്നിവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിതീഷ് കട്ടാരയുടെ അമ്മ നീലം കട്ടാര നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. സംഭവം ദാരുണമായ കൊലപാതകമാണെന്നും എന്നാല്‍, വധശിക്ഷ ലഭിക്കാന്‍ കാരണമാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകമായി അതിനെ പരിഗണിക്കാനാവില്ലെന്നും ജെ എസ് ഖേഹര്‍, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിശാലിന്റെയും വികാസിന്റെയും സഹോദരി ഭാരതിയും നിതീഷും തങ്ങളുടെ സഹപാഠികളുടെ വിവാഹച്ചടങ്ങില്‍ ഒരുമിച്ച് നൃത്തംചെയ്തത് പ്രതികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഈ സംഭവത്തില്‍ പ്രതികള്‍ക്കു നിതീഷിനോടു വിരോധമുണ്ടായിരുന്നു. ഭാരതിക്കും നിതീഷിനും ഇടയിലുള്ള ബന്ധത്തെ വിശാലും വികാസും എതിര്‍ത്തിരുന്നില്ല.

അതിനാല്‍ സംഭവം ദുരഭിമാനക്കൊലപാതകം എന്നു പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, കൊലപാതകം അസാധാരണമാംവിധം ക്രൂരമോ വധശിക്ഷ ലഭിക്കാന്‍തക്കവിധമുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വ സംഭവമോ അല്ലെന്നും ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കി.കേസില്‍ നേരത്തേ ഡല്‍ഹി ഹൈക്കോടതി പ്രതികളെ 30 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ സുപ്രിംകോടതി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, നീതിക്കുവേണ്ടി പോരാടുമെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും നീലം കട്ടാര പറഞ്ഞു. 2002 ഫെബ്രുവരിയിലാണ് നിതീഷ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പ്രമുഖ രാഷ്ട്രീയനേതാവും രാഷ്ട്രീയപരിവര്‍ത്തന്‍ അധ്യക്ഷനുമായ ഡി പി യാദവിന്റെ മകള്‍ ഭാരതിയുമായി പ്രണയത്തിലായിരുന്ന 25കാരനായ നിതീഷിനെ ഗാസിയാബാദില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു.

സഹപാഠികളുടെ വിവാഹച്ചടങ്ങില്‍നിന്നു നിതീഷിനെ തട്ടിക്കൊണ്ടുപോയശേഷം വിശാലും വികാസും തീയിട്ടുകൊല്ലുകയായിരുന്നുവെന്നാണ് കേസ്. മൃതദേഹം തിരിച്ചറിയാനാവാത്തത്ര കത്തിക്കരിഞ്ഞതിനാല്‍ ഡി.എന്‍.എ. പരിശോധനയിലൂടെയാണു മരിച്ചത് നിതീഷ് ആണെന്നു വ്യക്തമായത്.
Next Story

RELATED STORIES

Share it