നിജിന്‍ലാല്‍ വിടപറഞ്ഞത് ഉയിരും വെളിച്ചവും പകര്‍ന്ന്

കോഴിക്കോട്: വടകര തിരുവള്ളൂര്‍ സ്വദേശി നിജിന്‍ ലാലെന്ന 17കാരന്‍ വിടപറഞ്ഞത് ഉയിരും വെളിച്ചവും പകര്‍ന്ന്. വെസ്റ്റ്ഹില്‍ സ്വദേശിക്ക് ഹൃദയതാളമായും കണ്ണൂര്‍ സ്വദേശിക്ക് കരളായും അവനിനിയും ജീവിക്കും. ലോകം കണ്ടു കൊതിതീരാത്ത അവന്റെ കണ്ണുകള്‍ ഇനിയുമീ ലോകം നോക്കിക്കാണും.
കഴിഞ്ഞ 1നാണ് പനച്ചിക്കണ്ടി മീത്തല്‍ നാണുവിന്റെയും ഉഷയുടെയും മകനായ നിജിന്‍ലാല്‍ മരിച്ചത്. ഒക്‌ടോബര്‍ 30ന് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച നിജിന്‍ലാലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് മാതാപിതാക്കള്‍ സമ്മതിച്ചതോടെയാണ് അഞ്ചുപേര്‍ക്ക് പുതുജീവിതം കിട്ടിയത്. ഇതോടെ ഹൃദയം, കരള്‍, വൃക്ക, കണ്ണുകള്‍ എന്നിവ ശസ്ത്രക്രിയയിലൂടെ നീക്കി. ഹൃദയം മിംസ് ആശുപത്രിയില്‍ ഹരിറാ മിനും കരള്‍ കണ്ണൂര്‍ സ്വദേശിക്കും വിജയകരമായി തുന്നിച്ചേര്‍ത്തു. വൃക്കകള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്കും കണ്ണുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനും നല്‍കി. ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്1 വിദ്യാര്‍ഥിയായ നിജിന്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
Next Story

RELATED STORIES

Share it