Articles

നിങ്ങള്‍ക്കിപ്പോള്‍ 'വിഷേഷം' ഒന്നും ഇല്ലല്ലോ...

 പി എ എം ഹനീഫ്

വിദഗ്ധ പരിശോധനയ്ക്കുശേഷം ഡോക്ടര്‍ പറഞ്ഞു:
''രണ്ടുദിവസം നിരീക്ഷണത്തില്‍ വേണം. കുടല്‍ ആകെ കേടാണ്. ഉടല്‍ അതുകൊണ്ടുതന്നെ കേടോടു കേടാണ്.''
റബ്ബേ! ഇനിയെന്തു ചെയ്യും. മര്യാദയ്ക്ക് നാലുനേരം ഭക്ഷണം, രണ്ടുനേരം ചായ... രാത്രി കിടക്കാന്‍നേരം കല്‍ക്കണ്ടം ചേര്‍ത്ത ശുദ്ധ പശുവിന്‍പാല്‍...
ഇങ്ങനെയൊക്കെ ശുദ്ധം ശുദ്ധമായി ജീവിച്ചിരുന്ന എന്റെ ആമാശയം കേടായിരിക്കുന്നു. കാരണമെന്ത്? ഭാര്യയുടെ അനുജത്തി ആയുര്‍വേദ ഡോക്ടറാണ്. മാസത്തിലൊരിക്കല്‍ അവള്‍ ഭക്ഷണരീതികള്‍ സംബന്ധിച്ച് വീട്ടില്‍ ക്ലാസെടുക്കാറുണ്ട്. നാലുനേരം ഭക്ഷണമെന്ന ശീലം മതിയാക്കാന്‍ അവള്‍ എന്നും ഉപദേശിക്കും. നാലുനേര ഭക്ഷണം ഇങ്ങനെ: രാവിലെ മുഖം കഴുകി വന്നാലുടന്‍ 200 എം.എല്‍. കൊഴുകൊഴുത്ത ചായ, ഒരു നേന്ത്രപ്പഴം പുഴുങ്ങിയതും രണ്ടു നാടന്‍ മുട്ട പുഴുങ്ങി ഉപ്പും കുരുമുളകും ചേര്‍ത്തത് ഒറ്റ വിഴുങ്ങലാണ്.
കുളി, യോഗ, പരദൂഷണം ഒക്കെ കഴിഞ്ഞാല്‍ നാസ്ത. അധിക ദിവസവും പത്തിരി തേങ്ങാപ്പാലില്‍ കുതിര്‍ത്തത്... കറി ചിക്കന്‍ പാര്‍ട്‌സ്... കോഴിയുടെ പാകം വരാത്ത മുട്ട, കരള്‍, ശ്വാസകോശം എന്നു വേണ്ട കക്കും പതിരും ഒക്കെ റോസ്റ്റ് ചെയ്തത്. എല്ലാം കഴിയുമ്പോള്‍ ഒരു ചെറുനാരങ്ങ മുഴുവന്‍ പിഴിഞ്ഞ് ഒരു കപ്പ് കട്ടന്‍ചായ. തുടര്‍ന്ന് റോഡിലേക്കിറങ്ങും. സാമൂഹികസേവനം, പള്ളിക്കമ്മിറ്റി, കുടുംബജീവിതം ഭദ്രമാക്കുന്നതു സംബന്ധിച്ച ക്ലാസുകള്‍... ഒക്കെ പൂര്‍ത്തിയാക്കി 12 മണിക്ക് ഓരോ പുസ്തകക്കടയിലുമെത്തും. (ഇതുവരെ ഞാന്‍ ആരാണെന്നു പറഞ്ഞില്ല.)
ഒരു ഗ്രന്ഥകാരനാണ്... പ്രഭാഷകനാണ്... കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മധ്യസ്ഥനാണ്... സര്‍വോപരി ഗള്‍ഫില്‍ പോയി നാട്ടിലെ പൊതു ആവശ്യങ്ങള്‍ക്ക് പണം പിരിച്ച് ഒരുശതമാനം കമ്മീഷന്‍ എടുക്കുന്ന മാന്യനാണ്. ഇതൊക്കെയാണ് ഞാന്‍... മാനവരക്തമാണ് എന്റെ സിരകളില്‍.
പുസ്തകഷാപ്പുകളില്‍ എന്റെ ഗ്രന്ഥങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്. ആകാശത്തിനു കീഴിലുള്ള ഏതു വിഷയവും ഞാന്‍ കൈകാര്യം ചെയ്യും. പ്രത്യേകിച്ച് ഏതെങ്കിലും സംഘടനകളുമായി ബന്ധമില്ലാത്തതിനാല്‍ എന്തു വിഷയവും കൈകാര്യം ചെയ്യും. അടുത്തിടെയാണ് എന്റെ നവീന ഗ്രന്ഥവരി മൂന്നുവാള്യം 'മോചനം' ബുക്‌സ് പ്രസിദ്ധീകരിച്ചത്.
ഒന്നാം വാള്യം: തെരുവുനായ: പ്രശ്‌നവും പരിഹാരവും.
രണ്ടാം വാള്യം: പേവിഷബാധ: പാശ്ചാത്യ പൗരസ്ത്യ വീക്ഷണങ്ങളും സംഘബോധവും.
മൂന്നാം വാള്യം: നായ സമൂഹം: പരിഗണിക്കേണ്ട യാഥാര്‍ഥ്യങ്ങള്‍...
ഞാന്‍ രചനമാത്രം. വിവിധ പ്രസാധകര്‍ ഗ്രന്ഥങ്ങള്‍ ചൂടോടെ വീട്ടില്‍ വന്നു കൊണ്ടുപോവും. മുഖവിലയുടെ 15 ശതമാനം എനിക്ക്.
ഈ 15ല്‍ റിവ്യൂ എഴുതുന്ന കശ്മലന്‍മാര്‍ക്കും പ്രസ്തുത റിവ്യൂ അച്ചടിക്കുന്ന ഞായറാഴ്ച പതിപ്പിന്റെ എഡിറ്റര്‍മാര്‍ക്കും ഞാന്‍ ചെറിയൊരു 'കൈമടക്ക്' നല്‍കണം. 'കൈമടക്ക്' വാങ്ങാത്ത അല്‍പ്പന്‍മാരെ ഞാന്‍ ഗള്‍ഫില്‍ കൊണ്ടുപോവും. വിസിറ്റിങ് വിസയില്‍ എനിക്കിപ്പോള്‍ വയസ്സ് 55. പക്ഷേ, പുസ്തകങ്ങളുടെ എണ്ണം ഇപ്പോള്‍ 65. ഒരു വയസ്സിന് ശരാശരി ഒന്നര പുസ്തകം വീതം.
നല്ല വരുമാനമാണ്. ഒരു മുന്‍മന്ത്രി ആലപ്പുഴയില്‍ പറഞ്ഞത് നിങ്ങള്‍ വായിച്ചിരിക്കും. സ്വന്തം കവിത പുസ്തകരൂപത്തിലാക്കിയ ഇനത്തില്‍ മാത്രം 4.5 ലക്ഷം രൂപയാണ് ഒരുവര്‍ഷം അദ്ദേഹത്തിനു ലാഭം. ആയതിനാല്‍, 65 മികച്ച ഗ്രന്ഥങ്ങള്‍ തരികിട മാര്‍ക്കറ്റിലുള്ള എന്റെ നീക്കിയിരിപ്പ് വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഭക്ഷണരീതി പറഞ്ഞുതീര്‍ന്നില്ല.
ഉച്ചയ്ക്കു നെയ്‌ച്ചോര്‍ ഓര്‍ ബിരിയാണി. അതു കഴിഞ്ഞൊരു മയക്കം. ഏഴു മണിക്ക് പാല്‍ക്കഞ്ഞി. ചെറുപയര്‍ പുഴുക്ക്, കടല്‍ മല്‍സ്യം പൊള്ളിച്ചത്... രാത്രി കിടക്കാന്‍ നേരം മേല്‍ച്ചൊന്നപ്രകാരം ശുദ്ധ പശുവിന്‍പാല്‍ കല്‍ക്കണ്ടം ചേര്‍ത്തത്.
ഇങ്ങനെയുള്ള എനിക്കാണീ കുടല്‍പ്രശ്‌നം. ലോകത്ത് ഇനി പോവാന്‍ ആശുപത്രിയില്ല. ഗ്രന്ഥകാരന്‍ എന്ന നിലയ്ക്ക് മലയാളികളുള്ള ലോകമാകെ ഞാന്‍ സുപരിചിതന്‍. ആയതിനാല്‍ യൂറോപ്പിലൊക്കെ കുടല്‍രോഗത്തിന് ഞാന്‍ ചികില്‍സിച്ചു. ഒരു കുറവുമില്ല. രണ്ടുദിവസം നിരീക്ഷണം വേണം എന്ന വിദഗ്ധ ഡോക്ടറുടെ നിര്‍ദേശം ഞാന്‍ മാനിക്കുന്നു. അതുകഴിഞ്ഞാല്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് എനിക്കറിയാം.
സകല ശക്തിയും ഉപയോഗിച്ചും ഒരു ഗ്രന്ഥം... നാലു വാള്യങ്ങളില്‍...
വാള്യം ഒന്ന്: എന്റെ കുടല്‍; എന്റെ മാത്രം കുടല്‍.
രണ്ട്: വന്‍കുടലും ചെറുകുടലും ഒരു താരതമ്യ പഠനം.
മൂന്ന്: ഭക്ഷണം ദഹിക്കാന്‍ നൂതനവിദ്യകള്‍. അഥവാ ആമാശയത്തിലെ കല്ല്.
നാല്: ആമാശയവും ആശയദാരിദ്ര്യവും.
Next Story

RELATED STORIES

Share it