'നിങ്ങളുടെ ആളുകളോട് സമാധാനം പാലിക്കാന്‍ പറയൂ'

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി- സിപിഎം സംഘര്‍ഷം തടയുന്നതിന് ബിജെപി പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ നിര്‍ദേശിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെയെങ്കില്‍ സിപിഎം പ്രവര്‍ത്തകരോട് ഇക്കാര്യം താനും ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി തന്നെയാണ് ഇക്കാര്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഇരുവിഭാഗത്തെയും വിളിച്ച് ചര്‍ച്ച ചെയ്ത് സമാധാനമുണ്ടാക്കണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ഥിച്ചു. അപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ ഇക്കാര്യത്തില്‍ പരിഹാരം കാണാനാവില്ലെന്നും താങ്കളുടെ കൂടി ഇടപെടല്‍ വേണമെന്നും പിണറായി ചൂണ്ടിക്കാട്ടി. പോലിസ് നവീകരണത്തിനും സുരക്ഷയ്ക്കുമായുള്ള ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച പ്രശ്‌നം ഒരു മാസത്തിനകം പരിഹരിക്കാമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതാ വികസനം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ കേരളം പിന്നാക്കം പോയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളം പിന്നിലാണെന്നത് യാഥാര്‍ഥ്യമാണ്. ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കാമെന്നും പദ്ധതിയ്ക്കാവശ്യമായ മറ്റു നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി. തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയ്ക്കും റബര്‍ വിലസ്ഥിരതാ ഫണ്ടിനും കേന്ദ്രസഹായം ആവശ്യപ്പെട്ടു. ചരക്ക് സേവന നികുതി  സംബന്ധിച്ച് കേരളത്തിന്റെ സഹായം വേണമെന്ന് ജെയ്റ്റ്‌ലി അഭ്യര്‍ഥിച്ചതായും പിണറായി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്തു നിലപാട് കൈക്കൊള്ളും. അടുത്ത ഏപ്രിലോടെ പദ്ധതി നടപ്പാക്കുന്നതിനാണ് കേന്ദ്രം പദ്ധതി തയ്യാറാക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it