നിഖില്‍ ഹന്‍ഡ സ്ത്രീകളെ ബന്ധപ്പെട്ടത് വ്യാജ എഫ്ബിയിലൂടെ

ന്യൂഡല്‍ഹി: കരസേനാ മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്ന മേജര്‍ നിഖില്‍ ഹന്‍ഡ സ്ത്രീകളുമായി ബന്ധമുണ്ടാക്കിയത് വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയെന്നു പോലിസ്. കൊല്ലപ്പെട്ട ഷൈല്‍ജ ദ്വിവേദിയെ കൂടാതെ ഡല്‍ഹിയിലെ മറ്റു രണ്ടു സ്ത്രീകളുമായി ഹന്‍ഡയ്ക്ക് ബന്ധമുണ്ടെന്നും ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതായും പോലിസ് പറഞ്ഞു.
രണ്ടു ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്ന ഹന്‍ഡ 2015ല്‍ ശ്രീനഗറിലായിരിക്കെയാണ് വ്യാജ പ്രൊഫൈലുമായി ഷൈല്‍ജയെ പരിചയപ്പെട്ടത്. ഒന്നില്‍ സൈനിക ഓഫിസര്‍ എന്നും മറ്റൊന്നില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന വ്യവസായി എന്നുമാണ് പരിചയപ്പെടുത്തുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ആറു മാസത്തിനു ശേഷമാണ് ഷൈല്‍ജ—യും നിഖില്‍ ഹന്‍ഡയും നേരിട്ട് കാണുന്നത്. അന്നാണ് സൈനിക ഓഫിസറാണെന്ന് ഹന്‍ഡ വ്യക്തമാക്കിയത്. പിന്നീട് മേജര്‍ ഹന്‍ഡയെ മീറത്തിലേക്ക് സ്ഥലംമാറ്റി.
തുടര്‍ന്ന്, മേജര്‍ അമിത് ദ്വിവേദിയുള്ള നാഗാലന്‍ഡിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങി. അവിടെ വച്ചു ഷൈ ല്‍ജയെ കാണുക പതിവായി. സൗന്ദര്യമല്‍സര വേദികളിലൂടെയാണ് ഷൈല്‍ജ ജനശ്രദ്ധ നേടിയത്. മിസിസ് ഇന്ത്യ എര്‍ത്ത് മല്‍സരത്തിന്റെ അവസാന ഘട്ടത്തില്‍വരെ എത്തിയിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നെന്നാണ് മേജര്‍ നിഖില്‍ പോലിസിനോട് പറഞ്ഞത്. ആറു മാസത്തിനുള്ളില്‍ 3300 തവണയാണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടത്. നിഖില്‍ തന്റെ ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, വിവാഹം കഴിക്കാന്‍ ഷൈല്‍ജ വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Next Story

RELATED STORIES

Share it