നിഖില്‍ വധം: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി: ബിജെപി പ്രവര്‍ത്തകനായ ലോറി ക്ലീനര്‍ വടക്കുമ്പാട് പാറക്കണ്ടി നിഖിലി(22)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും വിധിച്ചു. വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത് (39), നിട്ടൂര്‍ ഗുംട്ടിയിലെ ചാലില്‍ വീട്ടില്‍ വി ബിനോയ് (38), ഗുംട്ടിയില്‍ റസീന മന്‍സില്‍ കെ പി മനാഫ് (42), വടക്കുമ്പാട് പോസ്റ്റ്ഓഫിസിനു സമീപം പി പി സുനില്‍കുമാര്‍ (51), ഗുംട്ടിയില്‍ കളത്തില്‍ വീട്ടില്‍ സി കെ മര്‍ഷൂദ് (39) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) ജഡ്ജി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 143, 147, 148, 341, 302, 149 വകുപ്പു പ്രകാരമാണ് ശിക്ഷ. പിഴത്തുക നിഖിലിന്റെ കുടുംബത്തിനു നല്‍കണം. അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം.
കേസില്‍ എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. യഥാക്രമം നാലും ഏഴും പ്രതികളായ നിട്ടൂര്‍ ഗുംട്ടിയിലെ ഉമ്മലില്‍ യു ഫിറോസ്, വടക്കുമ്പാട് കൂളിബസാറിലെ നടുവിലോതിയില്‍ വല്‍സന്‍ എന്നിവരെ തെളിവില്ലാത്തതിനാല്‍ വെറുതെവിട്ടു. എട്ടാംപ്രതി മൂലാന്‍ എം ശശിധരന്‍ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.
തലശ്ശേരിയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ 2008 മാര്‍ച്ച് 5നു വൈകീട്ട് വടക്കുമ്പാട് കൂളിബസാറിനടുത്തായിരുന്നു കൊലപാതകം. ജോലി കഴിഞ്ഞ് ലോറിയില്‍ വീട്ടിലേക്കു  പോവുകയായിരുന്ന നിഖിലിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. അന്നു തലശ്ശേരി സിഐയായിരുന്ന യു പ്രേമനാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
44 സാക്ഷികളില്‍ 16 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. 67 രേഖകളും 16 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. കൊലപാതകത്തിനു മുമ്പായി ലക്ഷംവീട് കോളനിയിലെ ഒഴിഞ്ഞ സ്ഥലത്തു വച്ച് പ്രതികള്‍ ഗൂഢാലോചന നടത്തുന്നതു കണ്ടതായി മൊഴി നല്‍കിയ സജീവന്‍, മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥരായ സി രാമചന്ദ്രന്‍, കെ വാസുദേവന്‍, കെ ബി രാമകൃഷ്ണന്‍, പോലിസ് ഓഫിസര്‍മാരായ പി കെ രാജീവന്‍, എം വി സുകുമാരന്‍, യു പ്രേമന്‍ തുടങ്ങിയവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഡിസ്ട്രിക്റ്റ് ഗവ. പ്ലീഡര്‍ അഡ്വ. വി ജെ മാത്യു, അഡ്വ. അംബികാസുതന്‍ എന്നിവരും പ്രതികള്‍ക്കു വേണ്ടി അഡ്വ. ജി പി ഗോപാലകൃഷ്ണനും ഹാജരായി.
Next Story

RELATED STORIES

Share it