Pravasi

നിഖാബ് നിരോധനം : ആസ്ട്രിയയില്‍ പോകുന്നവര്‍ക്ക് ഖത്തറിന്റെ മുന്നറിയിപ്പ്‌



ദോഹ: ആസ്ട്രിയയിലേക്ക് വിനോദ സഞ്ചാരത്തിനും മറ്റുമായി പോകുന്നവര്‍ക്ക് ഖത്തര്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൂര്‍ണമായും മുഖം മറക്കുന്നത് നിരോധിക്കാനുള്ള ആസ്ട്രിയയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നിയമം നടപ്പില്‍ വന്നാല്‍ അത് പൂര്‍ണമായും അനുസരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ഉപദേശം. ഒക്ടോബറിലാണ് നിയമം നടപ്പില്‍ വരിക.പൊതു സ്ഥലത്ത് മുഖത്തിന്റെ ഭാഗങ്ങള്‍ മറക്കുന്ന വസ്ത്രം ധരിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നിയമത്തിന് ഈ വര്‍ഷം ആദ്യം ആസ്ട്രിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. 150 യൂറോ ആണ് ഇതിനുള്ള പിഴ(614 റിയാല്‍). യൂനിവേഴ്‌സിറ്റി, കോടതി, പൊതു വാഹനങ്ങള്‍ തുടങ്ങിയവയില്‍ ബുര്‍ഖ, നിഖാബ് എന്നിവ ധരിക്കുന്നത് നിരോധനത്തിന്റെ പരിധിയില്‍പ്പെടും. മറ്റു യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്റ്‌സ് എന്നിവയും പൊതുസ്ഥലത്ത് ബുര്‍ഖയും നിഖാബും ധരിക്കുന്നത് നിരോധിച്ചിരുന്നു. നോര്‍വേയും ജര്‍മനിയും ഇതേ നിയമം നടപ്പില്‍ വരുത്തുന്നത് പരിഗണിക്കുന്നുണ്ട്. ആസ്ട്രിയയിലെ നിഖാബ് നിരോധനത്തിനെതിരേ മുസ്്‌ലിംകള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ഇസ്്‌ലാം ഭീതിയുടെ ഭാഗമാണ് തീരുമാനമെന്നാണ് ആരോപണം. ഇതിനെതിരേ വിയന്നയില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയും നടന്നു.
Next Story

RELATED STORIES

Share it