malappuram local

നിക്ഷേപ സമാഹരണത്തില്‍ തിരൂര്‍ ബ്ലോക്ക് ഒന്നാമത്

മലപ്പുറം: ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലയിലെ നിക്ഷേപക സമാഹരണ അവലോകന യോഗം മലപ്പുറം ടൗണ്‍ ഹാളില്‍ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടര്‍ പി കെ എലിസബത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബ്ലോക്കുകളില്‍ 21.98 കോടി സമാഹരിച്ച് തിരൂര്‍ ബ്ലോക്ക് ഒന്നാം സ്ഥാനത്തും 18.92 കോടി സമാഹരിച്ച് താനൂര്‍ ബ്ലോക്ക് രണ്ടാം സ്ഥാനത്തും എത്തിയതായി യോഗം വിലയിരുത്തി. 2015 - 16 വര്‍ഷത്തില്‍ ജനുവരി 31 വരെ ജില്ല 611.69 കോടി സമാഹരിച്ചു. ഈ വര്‍ഷം നിക്ഷേപം 700 കോടിയില്‍ എത്തിക്കാനാണ് ജില്ല ലക്ഷ്യമിടുന്നത്.
സ്‌കൂള്‍ സഞ്ചയിക പദ്ധതിയില്‍ ജില്ലയിലെ 55000 വിദ്യാര്‍ഥികള്‍ അംഗങ്ങളായി പണമടയ്ക്കുന്നുണ്ട്. 10 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി പദ്ധതിയില്‍ 7.39 കോടി ഇതുവരെയായി സമാഹരിച്ചു കഴിഞ്ഞു. ജില്ലയുടെ നിക്ഷേപ സമാഹരണം ലക്ഷ്യം കൈവരിക്കുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരും അധ്യാപകരും ഉദ്യോഗസ്ഥരും മാര്‍ച് 31 വരെ സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സമ്പാദ്യ പദ്ധതി ഡപ്യൂട്ടി ഡയറക്ടര്‍ കെ വി രാമകൃഷ്ണന്‍, മഞ്ചേരി പോസ്റ്റല്‍ സൂപ്രണ്ട് എ സുധാകരന്‍, തിരൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് കെ പ്രേം ലാല്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ ജ്യോതിഷ്, ദേശീയ സമ്പാദ്യ പദ്ധതി അസി. ഡയറക്ടര്‍ യു കെ ഷാഫി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it