malappuram local

നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി ഉടമ വിദേശത്തേക്ക് കടന്നതായി സൂചന

എടപ്പാള്‍: അവതാര്‍ ജ്വല്ലറിയില്‍ നടന്ന നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകള്‍ ഇന്നലെയും ജ്വല്ലറിക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. എന്നാല്‍, സ്ഥാപനമുടമകളെ കണ്ടെത്താനോ ഫോണില്‍ ബന്ധപ്പെടാനോ കഴിഞ്ഞില്ല. സ്വര്‍ണാഭരണ നിക്ഷേപ പദ്ധതിയിലൂടെയും ജ്വല്ലറിയില്‍ ഷെയര്‍ ചേര്‍ത്തവകയിലുമായി കോടിക്കണക്കിനു രൂപയാണ് ജനങ്ങള്‍ക്കു കിട്ടാനുള്ളത്.
ബുധനാഴ്ച വൈകീട്ട് മുതല്‍ പണം നഷ്ടപ്പെട്ടവര്‍ ജ്വല്ലറിക്കുമുന്നില്‍ കുത്തിയിരിപ്പാണ്. ജ്വല്ലറിയിലെ ആഭരണങ്ങള്‍ പൂര്‍ണമായും ദിവസങ്ങള്‍ക്കു മുമ്പ് കടത്തിക്കൊണ്ടു പോയതായി ഷെയറുടമകള്‍ ആരോപിച്ചു. അടുത്ത ദിവസങ്ങളിലായി നടക്കുന്ന വിവാഹങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനായി ലക്ഷക്കണക്കിനു രൂപ അഡ്വാന്‍സ് നല്‍കിയവരാണ് ഏറെ ബുദ്ധിമുട്ടിലായത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനത്തിന്റെ ഷെയറുടമകളിലൊരാള്‍ ഒരുവര്‍ഷം മുമ്പ് ചാവക്കാട് സ്വന്തമായി ഒരു ജ്വല്ലറി തുടങ്ങിയതോടെയാണ് സാമ്പത്തിക പ്രതിസന്ധിയുടലെടുത്തത്. കഴിഞ്ഞ രണ്ടു ദിവസമായി ചങ്ങരംകുളം പോലിസ് സ്ഥാപനയുടമകളുടെ ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പരിധിക്കു പുറത്താണെന്ന മറുപടിയാണ് ലഭിക്കുന്നത്. അതിനിടെ ജ്വല്ലറിയുടെ മുഖ്യ ഷെയറുടമ വിദേശത്തേയ്ക്കു കടന്നതായും പറയപ്പെടുന്നു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെങ്കിലും ഇതു സംബന്ധിച്ച് രേഖാമൂലമുള്ള ഒരുപരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചങ്ങരംകുളം എസ്‌ഐ ടി വിനോദ് പറഞ്ഞു. പരാതിയുമായി മുന്നോട്ടു പോയാല്‍ നിക്ഷേപിച്ച പണത്തിന്റെ ഉറവിടം വെളിവാക്കേണ്ടി വരുമെന്നതും മാനഹാനിക്കിടയാക്കുമെന്നതുമാണ് പരാതി നല്‍കുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it