Alappuzha local

നിക്ഷേപക തട്ടിപ്പിന് പത്തു വര്‍ഷം; പോരാട്ട വഴിയില്‍ അനില്‍കുമാര്‍

അമ്പലപ്പുഴ: ഏറെ കോളിളക്കം സൃഷ്ടിച്ച കാക്കാഴം നീര്‍ക്കുന്നം എസ്എന്‍ഡിപി  നിക്ഷേപക തട്ടിപ്പിന് 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പ്രതീക്ഷ കൈ വെടിയാതെ നിയമ പോരാട്ടത്തിലാണ് നിക്ഷേപക സംഘാടകസമിതി. 2008ലാണ് ആയിരങ്ങളെ പെരുവഴിയിലാക്കിയ തട്ടിപ്പിന്  കളമൊരുങ്ങിയത്. നിക്ഷേപകരുടെ കൂട്ടായ്മയായിരുന്ന സംഘാടക സമിതി കണ്‍വീനര്‍ പുന്നപ്ര സ്വദേശി അനില്‍കുമാര്‍ കല്ലുപറമ്പന്റെ  നേതൃത്വത്തില്‍ അന്ന് തുടങ്ങിയ നിയമ യുദ്ധമാണ് കീഴ്‌കോടതിയില്‍ നിന്ന് മേല്‍ക്കോടതി വരെ  ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂനിയന്‍ യോഗം ജനറല്‍ സെക്രട്ടറി തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചും ഇപ്പോഴും കേസ് തുടരുന്നത്. റിസര്‍വ് ബാങ്കിന്റെ അംഗീകാരം ഇല്ലാതെ കാക്കാഴം നീര്‍ക്കുന്നം എസ്എന്‍ഡിപി ശാഖയില്‍ ആരംഭിച്ച ചതയദിന നിക്ഷേപക ഫണ്ടില്‍ ആയിരങ്ങളായിരുന്നു പണം നിക്ഷേപിച്ചത്. പെണ്മക്കളുടെ വിവാഹം, വിദ്യാഭ്യാസം, സ്വന്തമായൊരു കിടപ്പാടം, ചികിത്സാ ചിലവ്, ഇങ്ങനെ വിവിധ പ്രതീക്ഷകളില്‍ പണം നിക്ഷേപിച്ചവരാണ് ശാഖ പൊട്ടിയതോടെ കഷ്ടത്തിലായത്. പോലീസും അധികൃതരും കയ്യൊഴിഞ്ഞതോടെ ഇവരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. മറ്റു ചിലര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പ്രതീക്ഷ നശിച്ച ചിലര്‍ മനോരോഗികളായി. 19 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് നിയമ നടപടികളുമായി മുന്നോട്ടു പോകുന്ന സംഘാടകസമിതി ആരോപിക്കുന്നത്. പുന്നപ്രയില്‍ ചെറിയൊരു കട നടത്തി കിട്ടുന്ന തുച്ഛമായ വരുമാനവും സംഘടനയുടെ മറ്റു പ്രവര്‍ത്തകരുടെയും സഹായത്താലുമാണ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതീക്ഷ കൈവിടാതെ ഇപ്പോഴും നിയമ പോരാട്ടം നടത്തി വരുന്നത്.
Next Story

RELATED STORIES

Share it