kannur local

നിക്ഷേപകര്‍ അറിയാതെ ആശുപത്രി അടച്ചുപൂട്ടിയത് വിവാദത്തില്‍

പഴയങ്ങാടി: സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ 2010ല്‍ താവത്ത് ആരംഭിച്ച ചെറുകുന്ന് കോ-ഓപറേറ്റീവ് ആന്റ് എജ്യുക്കേഷനല്‍ ആശുപത്രി നിക്ഷേപകര്‍ പോലും അറിയാതെ അടച്ചുപൂട്ടിയത് വിവാദത്തില്‍. തുടക്കത്തില്‍ താവത്ത് വാടകയ്‌ക്കെടുത്ത മൂന്നുനില കെട്ടിടത്തില്‍ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനായിരുന്നു. നല്ല രീതിയില്‍ ആരംഭിച്ച ആശുപത്രിയുടെ പ്രവര്‍ത്തനം പിന്നീട് താളംതെറ്റുകയും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയും ചെയ്തു. ഇതിനിടെ ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും സ്വന്തം കെട്ടിടം പണിയാനുമായി പ്രവാസികളില്‍നിന്ന് ഉള്‍പ്പെടെ വന്‍തുക സമാഹരിച്ചു. എന്നാല്‍ വര്‍ഷങ്ങളായി ആശുപത്രി പൂട്ടിയതറിയാതെ ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ ഇപ്പോഴുമുണ്ട്. ആശുപത്രി വിപുലീകരിക്കാന്‍ സമീപത്തായി 76 സെന്റ് സ്ഥലവും വാങ്ങിയിരുന്നു. 2010ല്‍ അന്നത്തെ സഹകരണ മന്ത്രി ജി സുധാകരനായിരുന്നു പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ആശുപത്രി പൂട്ടിയതും കോടികള്‍ വിലയുള്ള ഉപകരണങ്ങള്‍ എവിടേക്ക് മാറ്റിയെന്നും ജീവനക്കാരോ നിക്ഷേപകരോ അറിഞ്ഞില്ല. ഈ സ്ഥലത്ത് നിക്ഷേപകരായ പ്രവാസികള്‍ കണ്ടത് ഭീമന്‍ ഷോപ്പിങ് മാളുകളാണ്. തുടര്‍ന്ന് നിക്ഷേപകര്‍ പാര്‍ട്ടി നേതാവിനോട് നിക്ഷേപത്തുക തിരിച്ചുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രിയുടെ കീഴിലുള്ള സ്ഥലം വിറ്റശേഷം ആലോചിക്കാമെന്നായിരുന്നു മറുപടി. ഇപ്പോള്‍ ഇവിടെ റെയില്‍വേ മേല്‍പാലം വന്നതോടെ സ്ഥലത്തിന്റെ വിലയിടിയുകയും നടന്നുപോകാന്‍ പോലും വഴിയുമില്ലാതായി. ആശുപത്രിയുടെ ശിലാഫലകവും പിഴുതെറിഞ്ഞ നിലയിലാണ്. ഇക്കാര്യം പാര്‍ട്ടി സമ്മേളനങ്ങളില്‍ ചിലര്‍ ഉന്നയിച്ചിരുന്നെങ്കിലും ചര്‍ച്ച ചെയ്യാന്‍ നേതൃത്വം തയ്യാറായില്ലെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it