Districts

നിക്ഷേപകരുടെ കാല്‍ക്കോടിയോളം രൂപയുമായി ഏജന്റ് മുങ്ങി

താമരശ്ശേരി: നിക്ഷേപകരുടെ കാല്‍ക്കോടിയോളം രൂപയുമായി ഏജന്റ് മുങ്ങി. കോടഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ അടിവാരം ശാഖയിലെ നിത്യനിധി ഡെപ്പോസിറ്റ് ഏജന്റാണ് ഇടപാടുകാരുടെ പണവുമായി മുങ്ങിയത്. അടിവാരത്തെ വ്യാപാരികളും തൊഴിലാളികളും നിത്യേന നല്‍കുന്ന തുകയാണ് ബാങ്കില്‍ അടയ്ക്കാതെ ഏജന്റ് കബളിപ്പിച്ചത്. തട്ടിപ്പിനിരയായതോടെ നിക്ഷേപകരുടെ അന്വേഷണത്തെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഏജന്റായ സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അടിവാരത്തു പ്രവര്‍ത്തിക്കുന്ന കോടഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ശാഖയില്‍ നിക്ഷേപിക്കാനായി വ്യാപാരികളില്‍ നിന്നും മറ്റും ശേഖരിച്ച പണവുമായാണ് ഏജന്റ് മുങ്ങിയത്. അടിവാരം സ്വദേശിനിയായ ശോഭനയാണു നാട്ടുകാരുടെ ലക്ഷങ്ങള്‍ കൈക്കലാക്കി നാടുവിട്ടത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കലക്ഷന്‍ ഏജന്റായ ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടതിനാല്‍ ശോഭനയെ ബാങ്കിന്റെ നിത്യനിധി ഡെപ്പോസിറ്റ് ഏജന്റായി നിയമിക്കുകയായിരുന്നു. കെട്ടിടത്തിന്റെ വാടകയിനത്തിലും മറ്റും നല്‍കേണ്ട പണമാണു പലരും നിത്യനിധിയില്‍ നിക്ഷേപിച്ചത്. അടിവാരത്തെ ഹോട്ടല്‍ ഉടമ നിക്ഷേപിച്ച 50,000 പിന്‍—വലിക്കാന്‍ ചെന്നതോടെയാണു തട്ടിപ്പ് പുറത്തായത്. ഇവരുടെ അക്കൗണ്ടില്‍ പണമില്ലെന്ന വിവരം പുറത്തറിഞ്ഞതോടെ വ്യാപാരികള്‍ അവരുടെ പാസ്ബുക്കുമായി ബാങ്കിലെത്തി പരിശോധിക്കുകയായിരുന്നു.
അടിവാരം കൈരളി ഹോട്ടലിലെ ജീവനക്കാര്‍ക്ക് നാല്‍പതിനായിരത്തോളമാണു നഷ്ടപ്പെട്ടത്. മുപ്പതിനായിരത്തോളം നിക്ഷേപിച്ചവരുടെ അയ്യായിരത്തോളം മാത്രമാണ് ബാങ്കിലെത്തിത്. പാസ്ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തുമെങ്കിലും റസീ—റ്റ് നല്‍കിയിരുന്നില്ല. ഏജന്റിനോടുള്ള വിശ്വാസ്യത കാരണം ആരും റസീറ്റ് ആവശ്യപ്പെട്ടതുമില്ല. മുക്കം ഓര്‍ഫനേജ് കെട്ടിടത്തിലെ മിക്കവാറും കടക്കാര്‍ വാടകയിനത്തിലേക്കുള്ള പണം നിത്യനിധിയായി നിക്ഷേപിച്ചിരുന്നു. അടിവാരം ടൗണിലെയും പരിസരത്തെയും നൂറോളം വ്യാപാരികള്‍ക്കും മറ്റുള്ളവര്‍ക്കുമാണു പണം നഷ്ടപ്പെട്ടത്.
Next Story

RELATED STORIES

Share it