നിക്ഷിപ്ത വനമേഖല: മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കേസ് ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: നിക്ഷിപ്ത വനമേഖല സംബന്ധിച്ച മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കേസ് ഹൈക്കോടതി തീര്‍പ്പാക്കി. ആലപ്ര, വലിയകാവ്, കരിക്കാട്ടൂര്‍ ഭൂമേഖലയെ നിക്ഷിപ്ത വനമായി വിജ്ഞാപനം ചെയ്യാനാവില്ലെന്ന എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ 1981ല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കിയത്. ആലപ്ര, വലിയകാവ് മേഖലയുടെ കാര്യത്തില്‍ ജില്ലാ കോടതി ഉത്തരവ് ശരിവച്ച ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളി. പക്ഷേ, കരിക്കാട്ടൂര്‍ സംബന്ധിച്ച ജില്ലാ കോടതിയുടെ ഉത്തരവ് അധികാരപരിധി ലംഘിച്ചുകൊണ്ടുള്ളതാണെന്ന് വ്യക്തമാക്കി റദ്ദാക്കി.
തിരുവിതാംകൂര്‍ രാജാവ് തങ്ങള്‍ക്ക് നീട്ട്(ഉത്തരവ്) ന ല്‍കിയ ഭൂപ്രദേശമാണിതെന്നും ഉടമസ്ഥാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നെയ്തല്ലൂര്‍ കോയിക്കല്‍ കുടുംബാംഗങ്ങള്‍ വനം സെറ്റില്‍മെന്റ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും കോടതി അപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് നല്‍കിയ ഹരജിയിലാണ് ജില്ലാ കോടതി ഉത്തരവുണ്ടായത്. ഈ വിധിക്കെതിരേയാണ് 1981ല്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കരിക്കാട്ടൂരിന്റെ കാര്യത്തില്‍ സുപ്രിം കോടതിയില്‍ നിന്ന് അന്തിമ തീരുമാനമായതിനാല്‍ മറ്റു രണ്ടു ഭൂമേഖലകളുടെ കാര്യത്തിലാണ് കോടതി വാദം കേട്ടത്.
വനനിയമത്തിന്റെ പരിധിയില്‍ ഈ മേഖലകള്‍ വരുന്നില്ലെന്നും നിക്ഷിപ്ത വനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നുമുള്ള വാദമാണ് ജില്ലാ കോടതിയില്‍ ഹരജിക്കാര്‍ ഉന്നയിച്ചത്. യുദ്ധകാലത്ത് തിരുവിതാംകൂര്‍ രാജാവിനെ സേവിച്ചിരുന്ന ക്ഷത്രിയവിഭാഗക്കാരായ നെയ്തല്ലൂര്‍ കോയിക്കല്‍ കുടുംബത്തിനു പ്രത്യുപകാരമായി രാജാവ് സമ്മാനമായി പതിച്ചുനല്‍കിയതാണ് ഈ ഭൂപ്രദേശങ്ങള്‍. നീട്ട് എന്ന നിലയ്ക്ക് ഈ ഭൂമിയില്‍ തങ്ങള്‍ക്ക് ജന്മാവകാശമുണ്ട്. അതിനാല്‍, ഇതിനെ നിക്ഷിപ്ത വനമേഖലയായി പ്രഖ്യാപിക്കാന്‍ കഴിയില്ല.
എന്നാല്‍, തങ്ങള്‍ക്ക് അധികാരമുള്ള സ്ഥലം നടപടിക്രമങ്ങള്‍ പാലിച്ച് നിക്ഷിപ്ത വനമായി പ്രഖ്യാപിക്കാമെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. 1961ലെ കേരള വനനിയമ പ്രകാരം നടപടികള്‍ സാധ്യമാണ്. നീട്ട് ലഭിച്ചുവെന്നതിന് ഹാജരാക്കിയ രേഖകള്‍ ആധികാരികതയുള്ളതല്ല. ചെമ്പുപട്ടയിലുള്ള രേഖകളാണ് തെളിവായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അക്കാലത്ത് ചെമ്പുപട്ടകള്‍ അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. ഒരു രാജ്യം തന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിന് എഴുതി നല്‍കിയത് താളിയോലകളിലാണ്. അതിനാല്‍, ഈ രേഖകളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
100 വര്‍ഷത്തിലേറെ പഴക്കമുള്ള രേഖയുടെ യഥാര്‍ഥ ആധികാരിക രേഖകളൊന്നും ഇപ്പോള്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍ നേരിട്ടുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം പാഴ്ശ്രമമാവുമെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ വിഷയം തീര്‍പ്പാക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രേഖ സംബന്ധിച്ച വിവിധ അധികാരികളുടെ വിലയിരുത്തലുകള്‍ പരിഗണിച്ച കോടതി ഭൂവുടമകളെന്ന് അവകാശപ്പെടുന്നവര്‍ ഹാജരാക്കിയ രേഖകളുടെ ആധികാരികത അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ നീട്ട് ഉടമസ്ഥാവകാശമുണ്ടെന്ന കീഴ്‌ക്കോടതിയുടെ കണ്ടെത്തലില്‍ തെറ്റില്ല. നിക്ഷിപ്ത വനഭൂമിയെന്നു വിജ്ഞാപനം ചെയ്ത  ആലപ്ര, വലിയകാവ് ഭൂപ്രദേശങ്ങള്‍ സര്‍ക്കാരിന് അധികാരമുള്ളതല്ലെന്നും വ്യക്തമാക്കി.
അതേസമയം, ഡിവിഷന്‍ ബെഞ്ചിന്റെ ഈ പൊതു ഉത്തരവിനു പുറമേ സീനിയര്‍ ജഡ്ജി ചില പ്രത്യേക കാര്യങ്ങള്‍ കൂടി വിധിന്യായത്തില്‍ ഉള്‍പ്പെടുത്തി. കീഴ്‌ക്കോടതി ഉത്തരവ് ശരിവച്ചെങ്കിലും ഭൂമിക്ക് അവകാശവാദം ഉന്നയിക്കുന്നവര്‍ക്ക് ഇത് സ്വന്തമാണെന്ന് അര്‍ഥമില്ലെന്നാണ് പ്രത്യേക വിധിന്യായത്തില്‍ പറയുന്നത്. 1961ലെ വനനിയമം വരെയുള്ള നിയമങ്ങളാണ് കോടതി ഈ വിഷയം തീര്‍ക്കാന്‍ പരിഗണിച്ചിട്ടുള്ളത്. ഇതിനു ശേഷം 1971ല്‍ സ്വകാര്യ വനം നിക്ഷിപ്തമാക്കല്‍ നിയമം, 2003ലെ കേരള വനം (പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ) നിക്ഷിപ്തമാക്കലും കൈകാര്യം ചെയ്യലും നിയമം എന്നിവ നിലവില്‍ വന്നിട്ടുണ്ട്. ഈ നിയമങ്ങള്‍ പ്രകാരം കേസിലെ ഭൂമി സ്വകാര്യ വനമാണോ, നിക്ഷിപ്ത വനമാണോ, പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഉള്‍പ്പെടുന്നതാണോ തുടങ്ങിയ കാര്യങ്ങള്‍ ബന്ധപ്പെട്ട ട്രൈബ്യൂണലുകള്‍ തീരുമാനിക്കട്ടെയെന്ന് കോടതി വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it