kozhikode local

നിക്ക് ഉട്ട് ഇന്ന് കോഴിക്കോട്ട്‌

കോഴിക്കോട്: ലോകപ്രശസ്ത യുദ്ധഫോട്ടോഗ്രാഫറും പുലിറ്റ്സര്‍ സമ്മാന ജേതാവുമായ നിക്ക് ഉട്ട് ഇന്ന്  കോഴിക്കോട്ടെത്തും. രാവിലെ വിമാന മാര്‍ഗം കരിപ്പൂരിലെത്തുന്ന നിക്ക് ഉട്ട് നഗരത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. രാവിലെ 9.30ന് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നിക് ഉട്ടിന്റെ ഫോട്ടോപ്രദര്‍ശനം നടക്കും.
മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6ന് ടൗണ്‍ഹാളില്‍ ഐപിആര്‍ഡി, കോര്‍വറേഷന്‍, പ്രസ് ക്ലബ്, ഡിടിപിസി എന്നിവയുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കും. എം ടി വാസുദേവന്‍ നായര്‍, ഡോ. എം ജി എസ് നാരായണന്‍, ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.  നിക് ഉട്ടിന്റെ പ്രശസ്ത ഫോട്ടോകള്‍ ചേര്‍ത്തുള്ള ഡിജിറ്റല്‍ ഷോയും ഇവിടെ നടക്കും. പൊതുജനങ്ങള്‍ക്ക് അദ്ദേഹവുമായി സംവദിക്കാന്‍ അവസരമൊരുക്കും.
ബേപ്പൂരിലെ  ഉരു നിര്‍മാണകേന്ദ്രം, കടലുണ്ടി പക്ഷി സങ്കേതം, തളി ക്ഷേത്രം, മിശ്കാല്‍  പള്ളി,  മിഠായിതെരു, സിവിഎന്‍ കളരി, കുറ്റിച്ചിറയിലെ മുസ്‌ലിം തറവാട്, വടകര സര്‍ഗാലയ എന്നിവിടങ്ങള്‍ നിക് ഉട്ട് സന്ദര്‍ശിക്കും. ചേലിയ കഥകളി വിദ്യാലയത്തില്‍ വച്ച് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നവരസ ഭാവങ്ങള്‍ ഒപ്പിയെടുക്കും.  ജില്ലയുടെ സവിശേഷതകളും അദ്ദേഹം ക്യാമറയില്‍ പകര്‍ത്തും. ഇവ പിആര്‍ഡി ഫോട്ടോ ആല്‍ബമായി പ്രസിദ്ധീകരിക്കും.
സംസ്ഥാന സര്‍ക്കാറിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും അതിഥിയായി കേരളം സന്ദര്‍ശിക്കുന്ന നിക് ഉട്ട് തെക്കന്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് സാമൂതിരിയുടെ നാട്ടിലെത്തുന്നത്. ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it