'നിക്ക്ള്‍ന അമൂല്യമായിന വോട്ടുകൊറുത്തു...'

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

ഉപ്പള: ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിന് അത്യുത്തര ദേശത്ത് പ്രചാരണം ശക്തമായി. മഞ്ചേശ്വരം മണ്ഡലത്തിലെ പല ഭാഗത്തും പോയാല്‍ കന്നഡ, മലയാളം, ബ്യാരി, തുളു, കൊങ്കിണി, മറാട്ടി തുടങ്ങിയ ഭാഷകളിലുള്ള പ്രചാരണമാണു മുഴങ്ങിക്കേള്‍ക്കുന്നത്. 'നിക്ക്ള്‍ന അമൂല്യമായിന വോട്ടു ഇടരംഗ-ഐക്യരംഗ അഭ്യര്‍ഥികെ ചിഹ്നകെ' (നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ ഇടതുമുന്നണി- ഐക്യമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് --- ചിഹ്നത്തില്‍ നല്‍കി വിജയിപ്പിക്കാന്‍ അഭ്യര്‍ഥന) ഇത് തുളു ഭാഷയിലാണ്.
എന്നാല്‍ കന്നഡയില്‍ 'നിമ്മ അമൂല്യ മദമൊന്നു ഐക്യരംഗത അഭ്യര്‍ത്ഥികെ നീഡബേക്കു' (നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ ഐക്യമുന്നണി-ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കു നല്‍കി വിജയിപ്പിക്കുക) എന്നാണ് അഭ്യര്‍ഥിക്കുന്നത്. മംഗല്‍പാടി, മീഞ്ച, വോര്‍ക്കാടി, പൈവളിഗെ, എന്‍മകജെ, കുമ്പള, പുത്തിഗെ, ബദിയടുക്ക, ദേലമ്പാടി, കാറഡുക്ക, ബെള്ളൂര്‍ പഞ്ചായത്തുകളിലൊക്കെ വോട്ടു ചോദിക്കുന്നത് വിവിധ ഭാഷകളിലാണ്.
രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന പ്രദേശമാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകള്‍. നാനാജാതി മതസ്ഥര്‍, നാനാവിധ ആചാരങ്ങള്‍, വിവിധ ഭാഷകളും സംസ്‌കാരങ്ങളും ഈ അതിര്‍ത്തി മേഖലകളിലുണ്ട്. ഒമ്പതോളം ഭാഷകളാണ് ഇവിടെയുള്ളവര്‍ സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പു കാലത്ത് വോട്ടഭ്യര്‍ഥനയും പ്രസംഗങ്ങളും വിവിധ ഭാഷകളിലാണു നടക്കുന്നത്.
കന്നഡ, തുളു, മറാഠി, കൊങ്കിണി, ബ്യാരി, മലയാളം, ഉര്‍ദു ഭാഷകള്‍ ഇടകലര്‍ത്തിയാണ് വോട്ടഭ്യര്‍ഥന. മംഗല്‍പാടി, മഞ്ചേശ്വരം പഞ്ചായത്തുകളില്‍ ഹനഫി മുസ്‌ലിംകള്‍ ധാരാളമായി വസിക്കുന്നതിനാല്‍ ഇവിടെ ഉര്‍ദുവിലും വോട്ടര്‍ഥിക്കുന്നു. ഇതുകൂടാതെ കൊങ്കിണി, ബ്യാരി, മറാഠി ഭാഷകളിലും വടക്കന്‍ അതിര്‍ത്തിയില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it