malappuram local

നികുതി സ്വീകരിക്കരുതെന്ന ഉത്തരവില്‍ ആശങ്ക

കരുവാരക്കുണ്ട്: പാട്ടക്കാലാവധി കഴിഞ്ഞ തോട്ടഭൂമിയുടെ നികുതി സ്വീകരിക്കരുതെന്ന ഉത്തരവുമൂലം കേരള എസ്‌റ്റേറ്റ് നിവാസികള്‍ ആശങ്കയിലായി. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടഭൂമിയുടെ വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വരുന്നതുവരെ കേരള എസ്‌റ്റേറ്റിലെ സി രണ്ട് ഡിവിഷന്റെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന പുതിയ ഉത്തരവാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. വില്ലേജിലെ മൂന്ന് ബ്ലോക്കുകളിലായി നൂറു കണക്കിന് ഏക്കറുകളില്‍ നിലവില്‍ രജിസ്‌ട്രേഷന്‍ നിരോധനം നിലനില്‍ക്കുന്നുണ്ട്. നികുതി തടയുന്ന പുതിയ ഉത്തരവ് മറ്റു ബ്ലോക്കുകള്‍ക്കുകൂടി ബാധകമാക്കുമോ എന്നാണ് കുടുംബങ്ങളുടെ ആശങ്ക. അതേസമയം, സി രണ്ട് ഡിവിഷന്റെ അനധികൃത കൈമാറ്റം തടയാനുള്ളതാണ് പുതിയ ഉത്തരവെന്നും പറയുന്നുണ്ട്. കേരള ഭൂപരിഷ്‌കരണ നിയമം 81ാം വകുപ്പിന്റെ ആനുകൂല്യം ലഭിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടഭൂമി അനധികൃതമായി മുറിച്ചു വില്‍പനയാരംഭിച്ചതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. സര്‍ക്കാരിലേക്ക് തിരിച്ചു നല്‍കേണ്ട ഭൂമി താല്‍ക്കാലിക ഉടമകള്‍ മുറിച്ചു വില്‍ക്കുകയും തരംമാറ്റുകയും ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി ലഭിച്ചു. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതുവരെ മുറിച്ചു വില്‍പന നടത്തിയിരുന്ന കേരള എസ്‌റ്റേറ്റ് സി രണ്ട് ഡിവിഷന്റെ കൈമാറ്റം അനുവദിക്കരുതെന്ന് കമ്മീഷണര്‍ നിലമ്പൂര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, ഈ നിര്‍ദേശം സി രണ്ട് ഡിവിഷനു പകരം വില്ലേജിലെ 132,155,156,157 ബ്ലോക്കുകള്‍ക്കു കൂടി ബാധകമാക്കുകയായിരുന്നു.അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വിലക്ക് തുടര്‍ന്നു. സര്‍ക്കാരോ കോടതിയോ ക്രയവിക്രയം നിരോധിച്ചിട്ടുള്ള ഭൂമി സംബന്ധിച്ച വിവരം ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ വില്ലേജ് ഓഫിസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍, കൈമാറ്റം നിരോധിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഓഫിസിലില്ലെന്ന വിചിത്രമായ റിപ്പോര്‍ട്ടാണ് വില്ലേജ് ഓഫിസര്‍ കമ്മീഷണര്‍ക്ക് നല്‍കിയത്. പാട്ടക്കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുള്ള വില്ലേജാണ് കേരള എസ്‌റ്റേറ്റ്. ഇതോടെ, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ രജിസ്‌ട്രേഷന് ഹാജരാക്കുന്ന ആധാരത്തോടൊപ്പം രജിസ്‌ട്രേഷന് തടസ്സമില്ലെന്ന റവന്യൂ അധികാരിയുടെ കത്തുകൂടി സബ് രജിസ്ട്രാര്‍ക്ക് മുമ്പാകെ നല്‍കണമെന്ന് ജില്ലാ രജിസ്ട്രാര്‍ ജനറല്‍ നിബന്ധന വച്ചിരിക്കുകയാണ്. പക്ഷെ, ഇതിലെല്ലാം കുടുങ്ങിയത് ചെറുകിടക്കാരായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമി വാങ്ങിയവരും പട്ടയം ലഭിച്ചവരുമായ പട്ടികജാതി, പട്ടിക വര്‍ഗ, തോട്ടം തൊഴിലാളി കുടുംബങ്ങള്‍, ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ വരാത്തവര്‍ തുടങ്ങിവരെല്ലാം അത്യാവശ്യ ഘട്ടങ്ങളില്‍ തങ്ങളുടെ കിടപ്പാടം കൈമാറ്റം ചെയ്യാനോ പണയം വയ്ക്കാനോ പോലുംപറ്റാത്ത അവസ്ഥയിലാണുള്ളത്.
Next Story

RELATED STORIES

Share it