Flash News

നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ : കാരാട്ട് ഫൈസലിനും അമല പോളിനും നോട്ടീസ്‌



കൊച്ചി/കൊടുവള്ളി: നികുതി വെട്ടിക്കുന്നതിനായി  ആംഡബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന പരാതിയില്‍ നടി അമല പോളിനും കൊടുവള്ളി മുനിസിപ്പല്‍ കൗണ്‍സിലറുമായ കാരാട്ട് ഫൈസലിനും മോട്ടോര്‍ വാഹന വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്.  എല്‍ഡിഎഫ് ജനജാഗ്രതാ യാത്രാ സ്വീകരണത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച ബിഎംഡബ്ല്യു മിനി കൂപ്പര്‍ കാറിന്റെ ഉടമയാണ് കാരാട്ട് ഫൈസല്‍.എറണാകുളം കങ്ങരപടിയിലെ അമല പോളിന്റെ വീട്ടിലെത്തിയാണ് മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ വാഹനത്തിന്റെ രേഖകളുമായി ആര്‍ടിഒ ഓഫിസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. എസ് ക്ലാസ് ബെന്‍സാണ് നടി അമല പോളിന്റേത്. പോണ്ടിച്ചേരിയിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു കോടി വിലയുള്ള വാഹനത്തിന് കേരളത്തില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കണം. അതേസമയം, ഇതേ വിലയുള്ള വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ മാത്രമേ നികുതിയായി അടയ്‌ക്കേണ്ടതുള്ളു. കേരളത്തിലെ വാഹന നിയമമനുസരിച്ച് മറ്റു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനം ഇവിടെ ഓടിക്കണമെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ കേരളത്തിലേക്കു മാറ്റണം. ഒപ്പം വാഹന വിലയുടെ 20 ശതമാനം നികുതിയായും അടയ്ക്കണം.പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ ഉള്ള കാര്‍ സ്ഥിരമായി കൊടുവള്ളിയില്‍ ഓടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ ചുമതലയുള്ള എംവിഐ കെ ടി ശംജിത്ത് കാരാട്ട് ഫൈസലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ മേല്‍വിലാസം തെളിയിക്കുതിനുള്ള രേഖകള്‍ ഏഴ് ദിവസത്തിനകം ഹാജരാക്കണമെന്നാണ് നോട്ടീസ്.
Next Story

RELATED STORIES

Share it