നികുതി പിരിവിലെ വീഴ്ച; 1,771.71 കോടി നഷ്ടമുണ്ടായെന്ന് സിഎജി റിപോര്‍ട്ട്

തിരുവനന്തപുരം: നികുതി പിരിവില്‍ വീഴ്ച വരുത്തിയതുമൂലം സംസ്ഥാനത്തിന് 1,771.71 കോടി രൂപ നഷ്ടമുണ്ടായതായി സിഎജി റിപോര്‍ട്ട്. പൊതുവില്‍പന നികുതി, മൂല്യവര്‍ധിത നികുതി, കേന്ദ്ര വില്‍പന നികുതി എന്നിവ പിരിക്കുന്നതിലെ വീഴ്ചയാണ് കോടികളുടെ നഷ്ടമുണ്ടാക്കിയത്. 2014-15 കാലയളവില്‍ 1,812 കേസുകളിലാണ് കുറഞ്ഞ നികുതി ഈടാക്കലും ക്രമക്കേടുകളും കണ്ടെത്തിയത്.
അതേസമയം, കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് റവന്യൂ വരുമാനത്തില്‍ വര്‍ധനവുണ്ടായതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2014-15 വര്‍ഷത്തെ മൊത്തം റവന്യൂ വരുമാനം 57,950.47 കോടിയാണ്. ഇതില്‍ 73 ശതമാനം സര്‍ക്കാര്‍ നികുതി വരുമാനത്തിലൂടെയും നികുതിയേതര വരുമാനത്തിലൂടെയും സമാഹരിച്ചതാണ്. ബാക്കി 27 ശതമാനം കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിഭാജ്യ കേന്ദ്ര നികുതികളുടെ സംസ്ഥാന വിഹിതമായും സഹായധനമായും ലഭിച്ചു. കഴിഞ്ഞവര്‍ഷം ആകെ റവന്യൂ വരുമാനം 49,176.93 കോടിയായിരുന്നു.
നികുതി നിര്‍ണയം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ചട്ടങ്ങളിലെയും നിയമങ്ങളിലെയും വ്യവസ്ഥകള്‍ ശരിയായി പാലിക്കാത്തത് പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ 744.99 കോടിയുടെ നികുതി നഷ്ടമുണ്ടാക്കാനിടയാക്കി.
വിവിധ വകുപ്പുകളിലായി 1,872.12 കോടി രൂപ പിരിച്ചെടുക്കുന്ന കാര്യത്തില്‍ അഞ്ചുവര്‍ഷമായി ഫലപ്രദമായ യാതൊരു ഇടപെടലുമുണ്ടായിട്ടില്ല. വകുപ്പുതല അധികാരികളിലും 2,138 കോടിയുടെ കുടിശ്ശിക ബാക്കി നില്‍ക്കുന്നു. 70.4 കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും ബന്ധപ്പെട്ട ഓഫിസുകളുമായി ചേര്‍ന്ന് വകുപ്പ് തുടര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. 2013-14ല്‍ 2.20 ലക്ഷം വ്യാപാരികള്‍ മാത്രമാണ് മൂല്യവര്‍ധിത നികുതി രജിസ്‌ട്രേഷന്റെ പരിധിയിലുണ്ടായിരുന്നുള്ളൂ. രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളില്‍ നിന്ന് പിഴയും പലിശയുമുള്‍പ്പെടെ 200.94 കോടി രൂപയുടെ നികുതി ഈടാക്കാനായില്ല.
ഭൂനികുതിയും കെട്ടിടനികുതിയും കുറവായി ചുമത്തിയതുവഴി 55.21 കോടി, എക്‌സൈസ് നികുതി നിര്‍ണയത്തിലെ വീഴ്ചമൂലം 14.98 കോടി, തെറ്റായ കാര്‍ഷികാദായ നികുതി ഈടാക്കിയതുവഴി 48 കോടി, വാഹനങ്ങളുടെ നികുതി ഈടാക്കുന്നതിലെ അപാകതമൂലം 15.23 കോടി, വൈദ്യുതി തീരുവ, സര്‍ചാര്‍ജ്, പരിശോധനാ ഫീസ് ചുമത്തല്‍ എന്നിവയിലെ തെറ്റായ ഒഴിവാക്കലിനെത്തുടര്‍ന്ന് 272.77 കോടി നഷ്ടമുണ്ടായതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it