palakkad local

നികുതി തടസ്സമില്ലാതെ ട്രാന്‍സിറ്റ്പാസില്‍ കോഴി വണ്ടികള്‍ കേരളത്തിലേക്ക്

മണ്ണാര്‍ക്കാട്: നികുതി വെട്ടിപ്പിന് നൂതന വഴി. ട്രാന്‍സിറ്റ്പാസിലേറി നികുതി തടസ്സമില്ലാതെ കോഴി വണ്ടികള്‍ കേരളത്തിലേക്ക് ഒഴുകുന്നു. ട്രാന്‍സിറ്റ് പാസ്സിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചു പ്രതിദിനം നൂറ് കണക്കിന് കോഴി വണ്ടികളാണ് കേരളത്തിലെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മാഹിയിലേക്ക് ചരക്ക് കൊണ്ടു പോകുന്നതിനുള്ള പാസ് ഉപയോഗിച്ചാണ് ഈ നികുതി വെട്ടിപ്പ്.
ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് മൂന്നാമതൊരു സംസ്ഥാനത്തിലൂടെ ചരക്ക് കൊണ്ടു പോകുന്നതിനാണ് ട്രാന്‍സിസ്റ്റ് പാസ് നല്‍കുന്നത് ഇങ്ങനെ കൊണ്ടു പോകുമ്പോള്‍ കടന്നു പോകുന്ന സംസ്ഥാനത്ത് നികുതി കൊടുക്കേണ്ടതില്ല. ഈ ആനുകൂല്യം ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ നിന്നും കോഴികള്‍ കേരളത്തിലേക്ക് പറന്നിറങ്ങുന്നത്. തമിഴ്‌നാട്ടിലെ പല്ലടത്ത് നിന്നുമാണ് കോഴികള്‍ എത്തുന്നത്. ഉദാഹരണത്തിന് പല്ലടത്ത് നിന്ന് കേന്ദ്രഭരപ്രദേശമായ മാഹിയിലേക്ക് നിറയെ കോഴികളുമായി വാഹനം പുറപ്പെടും. എന്നാല്‍ വാളയാര്‍ കടക്കുന്നതോടെ കോഴികള്‍ ഓരോരുത്തരായി വണ്ടിയില്‍ നിന്ന്ഇറങ്ങിത്തുടങ്ങും. വാളയാര്‍ മുതല്‍ കോഴിക്കോട് കണ്ണൂര്‍ വരെയുള്ള സ്ഥലങ്ങളില്‍ കോഴികളെത്തുന്നത് ഈ പാസില്‍ കയറിയാണ്. കോഴി ലോഡ് വഴിക്കിറങ്ങിയാലും പാസ് കൃത്യമായി മാഹിയിലെത്തി പതിപ്പിച്ച് മടങ്ങും. കിട്ടേണ്ടത് കിട്ടിയാല്‍ പാസാണോ കോഴിയാണോ എത്തിയതെന്ന് നോക്കി കച്ചവടക്കാരെ വേദനിപ്പിക്കാന്‍ ഉദ്യോഗസ്ഥനും മെനക്കെടാറില്ല. മാഹി പാസുമായി വാളയാര്‍ കടക്കുന്ന വാഹനങ്ങളില്‍ കോഴികളുള്ള വാഹനങ്ങള്‍ എത്രയെന്ന് പരിശോധിച്ചാല്‍ മാത്രമെ തട്ടിപ്പിന്റെ ആഴം വ്യക്തമാകൂ. ഈ ട്രാന്‍സിറ്റ് കോഴി കടത്ത് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് കച്ചവടക്കാരും സമ്മതിക്കുന്നു. ചെക് പോസ്റ്റ്കളിലെ ഉദ്യോഗസ്ഥ പ്രീണനം കഴിഞ്ഞാല്‍ തട്ടിപ്പും ലാഭകരമല്ലെന്നാണ് കച്ചവട പക്ഷം.
Next Story

RELATED STORIES

Share it