Editorial

നികുതി കുറച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തണം

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായ വിലവര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണമായി പെട്രോളിനും ഡീസലിനും വന്‍തോതില്‍ വില കയറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് അവശ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചുകൊണ്ടിരിക്കും എന്നതില്‍ സംശയമില്ല. കേരളം പോലെ കടത്തുകൂലി കൂടുതല്‍ കൊടുക്കേണ്ട സംസ്ഥാനങ്ങളില്‍ വിശേഷിച്ചും അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.
എണ്ണ ശുദ്ധീകരണശാലയില്‍ നിന്നു പുറത്തെത്തുന്ന ഇന്ധനത്തിന്റെ വില ഇന്നു നാം നല്‍കുന്ന കമ്പോളവിലയുടെ പാതിയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന നികുതിയും വിതരണക്കാര്‍ക്കുള്ള കമ്മീഷനുമാണ് ബാക്കി. യഥാര്‍ഥത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാവുന്ന നേരിയ വിലവര്‍ധന പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള അവസരമാണ്. കേരളത്തില്‍ നിന്നു മാത്രം ഏതാണ്ട് 8000 കോടി രൂപ എക്‌സൈസ് തീരുവയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഊറ്റിയെടുക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, നികുതി കുറച്ചുകൊണ്ട് ഉപഭോക്താക്കളെ സഹായിക്കാനാവില്ലെന്ന വാശിയിലാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അത് വികസനത്തെ ബാധിക്കുമെന്നുള്ള ഒരു വിശദീകരണവും ധനമന്ത്രി നല്‍കുന്നുണ്ട്.
ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങി ഇന്ധനമേഖലയില്‍ മേല്‍ക്കോയ്മയുള്ള കമ്പനികള്‍ ഇതിനിടയില്‍ വലിയ കൊള്ളലാഭം അടിച്ചെടുക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ കുറവു വരുത്താന്‍ തയ്യാറായാല്‍ ഇന്ധനവില കൊണ്ടുള്ള കനത്ത ആഘാതം കുറയ്ക്കാന്‍ കഴിയും എന്നതില്‍ ഒരു സംശയവുമില്ല. അതോടൊപ്പം മറ്റു സംസ്ഥാനങ്ങള്‍ കാണിച്ച മാതൃക പിന്തുടര്‍ന്നുകൊണ്ട് കേരളവും ഇന്ധനനികുതി കുറയ്ക്കാന്‍ മുന്നോട്ടുവരേണ്ടതുണ്ട്. വലുപ്പം കുറവാണെങ്കിലും വാഹനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല കേരളം. ഇന്ധനവിലയില്‍ വരുന്ന നിസ്സാരമായ വര്‍ധന പോലും സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ മാറ്റമാണ് ഉണ്ടാക്കുക. ഒരു രൂപ കൂടുമ്പോള്‍ വര്‍ഷംപ്രതി ഏകദേശം 120 കോടി രൂപയാണ് സര്‍ക്കാരിനു ലഭിക്കുന്നത്. നാലു വര്‍ഷം കൊണ്ട് ഇന്ധനനികുതിയിലുള്ള വര്‍ധന 35 ശതമാനത്തോളമായിരുന്നു. 2014-15ല്‍ 5378 കോടി ഉണ്ടായിരുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7266 കോടിയായി വര്‍ധിച്ചു.
ഇന്ധനനികുതി ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അതുകൊണ്ടുതന്നെ ഇന്ധനനികുതി കുറച്ചുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റിനും ജനങ്ങളെ സഹായിക്കാം. അസംസ്‌കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര കമ്പോളത്തില്‍ ബാരലിന് ഒരു ഡോളര്‍ വര്‍ധിക്കുമ്പോള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന വര്‍ധന ഉണ്ടാവുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം സൂചിപ്പിക്കുന്നു. അതിനാല്‍, ഇന്ധനനികുതിയില്‍ കുറവു വരുത്തുന്നതുകൊണ്ട് സംസ്ഥാനത്തിനു വലിയ നഷ്ടമുണ്ടാവുമെന്നു തോന്നുന്നില്ല.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന ഭരണകൂടവും എണ്ണത്തുണി കൊണ്ടുള്ള ഏറ് നിര്‍ത്തി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്.

Next Story

RELATED STORIES

Share it